കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ തെറ്റ് തിരുത്തി അധികൃതർ. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റാണ് കോളജ് അധികൃതർ തിരുത്തിയത്. ആർഷോ തോറ്റതായി രേഖപ്പെടുത്തി മാർക്ക് ലിസ്റ്റ് പുതുക്കി.
പരീക്ഷ എഴുതാതെ വിജയിച്ചെന്ന മാർക്ക് ലിസ്റ്റ് വിവാദമായതോടെയാണ് കോളജിന്‍റെ തിരുത്ത്. ആർഷോ പരീക്ഷ എഴുതിയിട്ടില്ലെന്നും അതിനാൽ തോറ്റു എന്നുമാണ് പുതിയ മാർക്ക് ലിസ്റ്റിലുള്ളത്.
അതേസമയം, പരീക്ഷ എഴുതിയിട്ടില്ലെന്നും എഴുതാത്ത പരീക്ഷയിൽ വിജയിപ്പിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആർഷോ പ്രതികരിച്ചു. റിസൾട്ട് വന്നത് താൻ അറിഞ്ഞിട്ടില്ലെന്നും ആർഷോ പറഞ്ഞു.
പി.എം. ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷയുടെ മാർക്ക് ലിസ്റ്റാണ് വിവാദമായത്. മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റിൽ ആർഷോ പരീക്ഷ പാസായി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു.
ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ലാത്ത മാർക്ക് ലിസ്റ്റിലാണ് ആർഷോ പരീക്ഷ പാസായി എന്നാണ് എഴുതിയത്. സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ട് എന്നാണ് കെ.എസ്.യു ആരോപണം. മാർക്ക് ലിസ്റ്റിലെ തെറ്റ് തിരുത്തിയതുകൊണ്ടു മാത്രം കാര്യമില്ല, ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നാണ് കെ.എസ്.യു-കോൺഗ്രസ് ആവശ്യം.
എന്നാൽ, ഫലം പ്രസിദ്ധീകരിച്ചതിലെ സങ്കേതിക തകരാറാണ് കാരണമെന്നാണ് കോളജിന്റെ വിശദീകരണം. വിഷയം പരിശോധിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ഇത് വിശ്വസനീയമല്ലെന്ന് കോൺഗ്രസും കെ.എസ്.യുവും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.