മുക്കം: കോഴിക്കോടിന്റെ കിഴക്കൻ മലയോരത്തെ ടൂറിസം മേഖലയിൽ സമഗ്രവികസനം ലക്ഷ്യമിട്ട് ഇത്തവണ മലബാർ റിവർ ഫെസ്റ്റിവൽ കൂടുതൽ മികവുറ്റതാക്കുന്നു. പ്രദേശവാസികൾക്ക് കൂടി സാമ്പത്തികമായും മറ്റും ഇതിന്റെ ഗുണഫലം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മണ്ഡലത്തോട് ചേർന്ന് നിൽക്കുന്ന ഓമശ്ശേരി പഞ്ചായത്തിലും വിവിധങ്ങളായ പരിപാടികൾ നടക്കും. വിദേശ വിനോദസഞ്ചാരികളെ രണ്ട് മാസത്തോളം ഇവിടെ തങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലാവും തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിപാടികൾ നടക്കുന്നത്. ആദ്യപടിയായി വിവിധ കായിക മത്സരങ്ങൾ ഏപ്രിൽ ആറിന് ശനിയാഴ്ച കോടഞ്ചേരിയിൽ ആരംഭിക്കും.
ശനിമുതൽ ഒരാഴ്ച കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വനിതകൾക്കും പുരുഷന്മാർക്കും ഫ്രിസ്ബി (ഫ്ലയിങ് ഡിസ്ക്) കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും. ഈ മാസം 13ന് അൾട്ടിമേറ്റ് ഫ്രിസ്ബി ഹാറ്റ് ടൂർണമെന്റ് നടത്തും. എറണാകുളം ജസ് പ്ലേ, കോ ഹോ എർത്ത് അഡ്വഞ്ചേഴ്സ് എന്നിവയുമായി ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഓഫ് റോഡ് റൈഡ്, വാട്ടർ ഫെസ്റ്റ് എന്നിവയും കാരശ്ശേരി കക്കാട് പുഴയിൽ ജലോത്സവവും നടക്കും. പഞ്ചായത്തിൽ വടംവലിയും സംഘടിപ്പിക്കും.
തിരുവമ്പാടിയിൽ വാട്ടർ പോളോ, നീന്തൽ മത്സരം, ചൂണ്ടയിടൽ മത്സരം എന്നിവയും കൂടരഞ്ഞിയിൽ ഓഫ് റോഡ് ഫൺ റൈഡ്, ജീപ്പ് സവാരി എന്നിവയും നടക്കും.
മുക്കം നഗരസഭയിൽ ഫുഡ് ഫെസ്റ്റ്, സൈക്കിൾ പോളോ, കബഡി മത്സരങ്ങളും പുതുപ്പാടിയിൽ ട്രക്കിങ്, മഴ നടത്തം എന്നിവയും നടക്കും. ഓമശ്ശേരിയിൽ മഡ് ഫുട്ബാൾ മത്സരമാണ് സംഘടിപ്പിക്കുക.
അടുത്തവർഷം മുതൽ അനുബന്ധ പരിപാടികളുമായി ബന്ധപ്പെട്ട് സ്ഥിരം ടൈംടേബിളും ടൂറിസം കലണ്ടറും തയാറാക്കും. ഇതോടെ വിദേശ വിനോദസഞ്ചാരികൾക്കുൾപ്പെടെ നേരത്തേതന്നെ യാത്ര ചാർട്ട് ചെയ്യാനും സാധിക്കും.
സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡി.ടി.പി.സിയും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് ജൂലൈ 25, 26, 27, 28 തീയതികളിൽ കോടഞ്ചേരി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായാണ് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.