കണ്ണൂർ: മലബാറിൽ പൊതുവിൽ ഒരു മുന്നണിക്കും പാർട്ടിക്കും പ്രേത്യകിച്ച് കുതിപ്പ് അവകാശപ്പെടാനില്ല. ചെറിയ ചില നേട്ടങ്ങൾ ഓരോ പാർട്ടിക്കും അവകാശപ്പെടാം. നഷ്ടങ്ങളുമുണ്ട്. രാഷ്ട്രീയ തരംഗമില്ലാതെ പോയ തെരഞ്ഞെടുപ്പിൽ താന്താങ്ങളുടെ ശക്തികേന്ദ്രങ്ങൾ ഉലയാതെ കാക്കാൻ അവർക്ക് സാധിച്ചു. കണ്ണൂരിൽ പാർട്ടി ഗ്രാമങ്ങളുടെ ബലത്തിൽ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് ആധിപത്യം തുടരുകയാണ്. ജില്ല ഭരണകുത്തക തുടരുേമ്പാൾ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ മൂന്നിൽ രണ്ടും ഇടതുപക്ഷത്താണ്. എന്നാൽ, കണ്ണൂർ കോർപറേഷനിൽ ഭരണം നിലനിർത്താനും എൽ.ഡി.എഫിൽനിന്ന് രണ്ടു ബ്ലോക്കുകൾ പിടിച്ചെടുക്കാനും ഇക്കുറി യു.ഡി.എഫിന് കഴിഞ്ഞു. നഗരസഭകളിൽ കഴിഞ്ഞ തവണത്തെ പ്രകടനം ഇരുമുന്നണികളും ആവർത്തിച്ചു. കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്നുവെന്നത് ബി.ജെ.പിയുടെ നേട്ടം. എന്നാൽ, പ്രതീക്ഷിച്ച നേട്ടത്തിനും ഏറെ അകലെയാണ് കണ്ണൂരിൽ ബി.ജെ.പി.
കാസർകോട്ട് ജില്ല പഞ്ചായത്ത് തിരിച്ചുപിടിച്ചത് എൽ.ഡി.എഫിെൻറ നേട്ടമാണ്. അതേസമയം, മൂന്ന് ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫും പിടിച്ചെടുത്തു. പതിവുപോലെ കന്നട സ്വാധീന മേഖലയിൽ ബി.ജെ.പി സ്വാധീനം വർധിപ്പിച്ചുകൊണ്ടിരിക്കുന്നതും ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
കോഴിക്കോട്ട് ജില്ല പഞ്ചായത്തും കോർപറേഷനും പഴയപടി. നഗരസഭകളിൽ നാലെണ്ണം നേടിയ യു.ഡി.എഫ് നില മെച്ചപ്പെടുത്തി. ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ തവണത്തേതിന് സമാനമാണ് ഫലമെന്നത് രാഷ്ട്രീയവിവാദങ്ങളൊന്നും തരംഗങ്ങളായി മാറിയില്ലെന്ന് വ്യക്തമാക്കുന്നു.
മലപ്പുറത്ത് യു.ഡി.എഫ് മേൽക്കോയ്മക്ക് കോട്ടമില്ല. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഒരു ഡസനോളം തദ്ദേശസ്ഥാപനങ്ങൾ തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. അപ്പോഴും പൊന്നാനി നഗരസഭ പോലുള്ളവ നിലനിർത്താൻ എൽ.ഡി.എഫിനും സാധിച്ചു.
വയനാട്ടിൽ ഇക്കുറി പഞ്ചായത്തുകളുടെ എണ്ണത്തിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കി. അതേസമയം, സുൽത്താൻ ബത്തേരി, കൽപറ്റ നഗരസഭകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് ഭരിച്ച ജില്ല പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമെത്താനും അവർക്ക് കഴിഞ്ഞു. സുൽത്താൻ ബത്തേരി, വെള്ളമുണ്ട തുടങ്ങിയ മേഖലകളിൽ മുസ്ലിം ലീഗിന് അപ്രതീക്ഷിത ആഘാതം ഇക്കുറിയത്തെ സവിേശഷതയാണ്.
പാലക്കാട്ട് ഇടതു മേൽക്കൈ നിലനിൽക്കുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മികച്ച വിജയം ആവർത്തിച്ചു. ബി.ജെ.പി സ്വാധീനം വർധിപ്പിച്ചുവെന്നതും വസ്തുതയാണ്. പഞ്ചായത്തുകളിലും ബി.ജെ.പി സ്വാധീനം വർധിപ്പിച്ചപ്പോൾ കോൺഗ്രസിെൻറ കാലിനടിയിലെ മണ്ണാണ് ഇളകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.