കൊച്ചി: മലങ്കര സഭാതർക്കത്തിലെ കോടതിയലക്ഷ്യ കേസ് യാക്കോബായ സഭയിൽനിന്ന് കൂറുമാറിയ മെത്രാപ്പോലീത്തമാർക്കും വൈദികർക്കും വെല്ലുവിളി. സഭാതർക്കത്തിൽ 2017ലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നിയമനടപടികളാണ് ഒരുവിഭാഗം പുരോഹിതർക്ക് തലവേദനയാകുന്നത്.
2017 ജൂലൈ മൂന്നിന് മലങ്കരയിലെ 1064 പള്ളികൾ 1934ലെ ഓർത്തഡോക്സ് ഭരണഘടനയനുസരിച്ചാണ് ഭരിക്കപ്പെടേണ്ടതെന്നാണ് സുപ്രീംകോടതി വിധി. ഇതിന്റെ തുടർച്ചയായി യാക്കോബായ നിയന്ത്രണത്തിലുണ്ടായിരുന്ന പല പള്ളികളും ഓർത്തഡോക്സ് പക്ഷത്തിന്റെ കൈകളിലായി. എന്നാൽ, കോടതിവിധി സർക്കാർ വേഗത്തിൽ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് പക്ഷത്തിനുവേണ്ടി ഫാ. വിജു ഏലിയാസ് 2019 ആഗസ്റ്റ് 29ന് ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകി.
ഇതിന് പിന്നാലെ സഭാ അംഗങ്ങളായ പോൾ വർഗീസ്, ഇ.പി. ജോണി എന്നിവർ ചേർന്ന് 2020 ജനുവരി 22ന് മറ്റൊരു കോടതിയലക്ഷ്യ നടപടിയുമായി കോടതിയിലെത്തി. 2017ലെ സുപ്രീംകോടതി വിധി സർക്കാറും സഭയും പൂർണമായി നടപ്പാക്കുന്നില്ലെന്നാണ് ഹരജിക്കാരുടെ പരാതി. 1934 ഭരണഘടനയുടെ 110 മുതലുള്ള വകുപ്പുകൾ പ്രകാരം വൈദികനാകാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദയോഗ്യത വേണ്ടതും ഇടവക മെത്രാപ്പോലീത്തവഴി മലങ്കര മെത്രാപ്പോലീത്തയുടെ അടുക്കലേക്ക് അയക്കേണ്ടതും അദ്ദേഹം അവരെ സമുദായം വക സെമിനാരിയിലേക്ക് അയച്ച് ആവശ്യമായ പഠനത്തിനുശേഷം സെമിനാരി പ്രിൻസിപ്പലിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറക്ക് ഇടവക മെത്രാപ്പോലീത്തയോ മലങ്കര മെത്രാപ്പോലീത്തയോ അവർക്ക് പട്ടം നൽകാമെന്നുമാണ് വ്യവസ്ഥ ചെയ്യുന്നത്.
എന്നാൽ, യാക്കോബായ സഭയിൽനിന്ന് ഓർത്തഡോക്സ് സഭയിലേക്ക് കൂറുമാറി എത്തിയ രണ്ട് മെത്രാപ്പോലീത്തമാർക്കും 28 വൈദികർക്കും ഈ യോഗ്യതയില്ലെന്നാണ് ഹരജിക്കാരുടെ വാദം. തന്നോടൊപ്പം കോലഞ്ചേരി-ആലുവ റൂട്ടിലെ സ്വകാര്യ ബസിൽ ഡ്രൈവറായിരുന്ന വ്യക്തിയും ഇപ്പോൾ വൈദികനാണെന്നും ഹരജിക്കാരിൽ ഒരാൾ കോടതിയിൽ ചൂണ്ടിക്കാട്ടി. രണ്ട് കോടതിയലക്ഷ്യ ഹരജിയും ഒരുമിച്ചാണ് കോടതി കേൾക്കുന്നത്. എന്നാൽ, രണ്ടാമത്തെ കോടതിയലക്ഷ്യ ഹരജിയിൽ സർക്കാറോ സഭയോ ഇതുവരെ വിശദ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. കേസിൽ വിധി എന്തായാലും ഓർത്തഡോക്സ് സഭക്ക് തലവേദനയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.