പാലക്കാട്: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്ന സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടാൽ കേസാണ്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനാണോ? രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകുമ്പോൾ വിമർശനം സ്വാഭാവികമാണ്. എന്നാൽ സർക്കാർ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ഓഫീസുകളിൽ കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നു. ദൈവത്തെ വിമർശിക്കുന്നവരുടെ നാട്ടിൽ മുഖ്യമന്ത്രിയെ വിമർശിച്ചാൽ എന്താണ് കുഴപ്പമെന്നും വി.ഡി. സതീശൻ ചോദിച്ചു.
“സർക്കാറിനെ വിമർശിച്ചെന്നു പറഞ്ഞ് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിരന്തരം കേസെടുക്കുകയാണ്. എന്നെയൊക്കെ യാതൊരു മര്യാദയുമില്ലാതെ ഓൺലൈൻ മാധ്യമങ്ങൾ വിമർശിക്കാറുണ്ട്. ആരെങ്കിലും അയച്ചുതരുമ്പോ വായിച്ചു നോക്കും. പരാതിയൊന്നും പറയാൻ പോകാറില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകുമ്പോൾ വിമർശനം സ്വാഭാവികമാണ്. എന്നാൽ സർക്കാർ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ഓഫീസുകളിൽ കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ഒക്കെയാണ്.
ഇതെന്താ സ്റ്റാലിന്റെ റഷ്യയാണോ? സർക്കാറിനെ വിമർശിക്കാൻ പാടില്ലേ? സർക്കാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടാൽ കേസാണ്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനാണോ? ദൈവത്തെ പോലും വിമർശിക്കുന്നവരുടെ നാട്ടിൽ മുഖ്യമന്ത്രിയെ വിമർശിച്ചാൽ എന്താ കുഴപ്പം? ഇക്കാര്യത്തിൽ സർക്കാർ പുനഃപരിശോധന നടത്തണം. ഇത്തരത്തിൽ കേസെടുക്കരുതെന്ന് സുപ്രീംകോടതി ഉൾപ്പെടെ നിർദേശിച്ചിട്ടുണ്ട്” -വി.ഡി. സതീശൻ പറഞ്ഞു.
പി.പി. ദിവ്യയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാറും പൊലീസും നടത്തുന്നതെന്നും സതീശൻ വിമർശിച്ചു. വ്യാജ പരാതി ഉണ്ടാക്കിയത് എ.കെ.ജി സെന്ററിലാണ്. ഒപ്പു വ്യാജമാണെന്ന് മാധ്യമങ്ങൾ കണ്ടെത്തി. കലക്ടർ പൊലീസിന് കൊടുത്തത് കള്ള മൊഴിയാണ്. അത് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം നൽകിയ മൊഴിയാണ്. കലക്ടർ യോഗത്തിൽനിന്ന് ദിവ്യയെ വിലക്കണമായിരുന്നു. പ്രതിയെ രക്ഷിക്കാൻ മുഖ്യമന്ത്രി കലക്ടറെ ഉപയോഗിക്കുന്നു. എന്ത് നീതിയാണ് ഇവിടെ നടക്കുന്നത്? പാർട്ടിക്കാർക്കും മറ്റുള്ളവർക്കും വെവ്വേറെ നീതിയാണ്. പൊലീസും ജനങ്ങളും പരിഹാസ്യരായെന്നും സതീശൻ പറഞ്ഞു.
പാലക്കാട് സി.പി.എം -ബി.ജെ.പി ബാന്ധവമാണെന്ന ആരോപണം വി.ഡി. സതീശൻ ആവർത്തിച്ചു. കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ രണ്ട് അപരന്മാരാണുള്ളത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഹുൽമാരുണ്ട്. കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മാത്രം അപരനെ മതിയെന്നാണ് ഇരു പാർട്ടികളുടെയും തീരുമാനം. ബി.ജെ.പിക്കെതിരെ സി.പി.എമ്മോ, സി.പി.എമ്മിനെതിരെ ബി.ജെ.പിയോ അപരനെ നിർത്തിയിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.