കോലഞ്ചേരി: മലങ്കര സഭ തർക്കത്തിൽ മുഖ്യമന്ത്രിയുടെ മധ്യസ്ഥ ചർച്ച തിങ്കളാഴ്ച നടക്കും. രാവിലെ 10ന് യാക്കോബായ വിഭാഗവുമായും വൈകീട്ട് മൂന്നിന് ഓർത്തഡോക്സ് വിഭാഗവുമായുമാണ് ചർച്ച.ഡോ. തോമസ് മാർ തീമോത്തിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർ യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ചും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എന്നിവർ ഓർത്തഡോക്സ് വിഭാഗത്തെ പ്രതിനിധീകരിച്ചും ചർച്ചകളിൽ പങ്കെടുക്കും.
സഭകളുടെ യോജിപ്പിന് ഓർത്തഡോക്സ് സഭ പച്ചക്കൊടി കാട്ടിയ സാഹചര്യത്തിൽ അതാകും പ്രധാന അജണ്ടയെന്നാണ് വിവരം. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയോടെയാണ് ഇടവേളക്ക് ശേഷം മലങ്കരയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കവും സംഘർഷവും രൂക്ഷമായത്. വിധി നടപ്പാക്കാൻ തുടങ്ങിയതോടെ ഇതിനോടകം 45 പള്ളികളാണ് യാക്കോബായ വിഭാഗത്തിന് നഷ്ടമായത്. സർക്കാർ നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം പരസ്യ പ്രതിഷേധത്തിനിറങ്ങിയതോടെയാണ് സർക്കാർ ചർച്ചക്ക് തീരുമാനിച്ചത്.
ചർച്ചയിൽ പ്രതീക്ഷ –ഡോ. തോമസ് മാർ അത്തനാസിയോസ്
കോലഞ്ചേരി: അനുരഞ്ജന ചർച്ചകൾ ഫലവത്താകുമെന്നാണ് പ്രതീക്ഷയെന്ന് ചർച്ചയിൽ പങ്കെടുക്കുന്ന ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത 'മാധ്യമ'ത്തോട് പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിച്ച് ഇരു വിഭാഗങ്ങളും ഒന്നായി പോകുകയാണ് നല്ല മാർഗമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറണം –യാക്കോബായ സഭ
കോലഞ്ചേരി: ലയനം അജണ്ടയിലില്ലെന്ന് യാക്കോബായ സഭ നേതൃത്വം. ഇടവകകളിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷത്തിന് അധികാരം കൈമാറണം. പ്രശ്ന പരിഹാരത്തിനു സർക്കാർ നിയമനിർമാണം നടത്തണം. ഇതാണ് തർക്കം പരിഹരിക്കാൻ വേണ്ടത്. -സഭ വൈദിക ട്രസ്റ്റി ഫാ. സ്ലീബ പോൾ വട്ടവേലിൽ, അൽമായ ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയിൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.