മലപ്പുറത്തെ അപരവത്കരിക്കാൻ അനുവദിക്കില്ലെന്ന വിളംബരവുമായി ബഹുജനറാലി

മലപ്പുറം: മുഖ്യമന്ത്രിയുടെ മലപ്പുറംവിരുദ്ധ പ്രസ്താവനക്കെതിരെ കോട്ടക്കുന്നിൽ ഉജ്ജ്വല ബഹുജന റാലിയും പ്രതിഷേധസംഗമവും നടന്നു. കിഴക്കേത്തലയിൽ നിന്നാരംഭിച്ച റാലിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു. സംഘ്പരിവാറിന്റെ അതേ ഭാഷയിലാണ് മുഖ്യമന്ത്രി മലപ്പുറംവിരുദ്ധ പരാമർശങ്ങൾ നടത്തിയതെന്നും അവ പിൻവലിച്ച് മാപ്പുപറയണമെന്നും മലപ്പുറം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറത്ത് ഒരു വർഗീയ അജണ്ടയും നടപ്പാകില്ലെന്ന് അധ്യക്ഷത വഹിച്ച എഴുത്തുകാരൻ പി. സുരേന്ദ്രൻ പറഞ്ഞു.

ഉത്തരം മുട്ടുമ്പോൾ പൊട്ടിച്ചിരിക്കുന്ന മുഖ്യമന്ത്രി എനിക്കൊന്നുമറിയില്ലെന്നു പറഞ്ഞ് പോകാൻ അനുവദിക്കില്ലെന്ന് എ.ഐ.സി.സി അംഗം ഡോ. ഹരിപ്രിയ പറഞ്ഞു. മതമെന്തെന്നും മതതീവ്രവാദമെന്തെന്നുമറിയാത്ത സി.പി.എമ്മിന് ആകെ അറിയാകുന്നത് ചാപ്പകുത്തൽ മാത്രമാണെന്ന് യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫ് അലി പറഞ്ഞു.

അലീഗഢ് മുസ്‍ലിം സർവകലാശാല മലപ്പുറം സെന്റർ ഡയറക്ടർ ഡോ. ഫൈസൽ ഹുദവി, സംവിധായകൻ പ്രശാന്ത് ഈഴവൻ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി, ശബാബ് വാരിക എക്സിക്യൂട്ടിവ് എഡിറ്റർ സുഫിയാൻ അബ്ദുസ്സത്താർ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, അഡ്വ. അമീൻ ഹസൻ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു. ബഷീർ തൃപ്പനച്ചി പ്രമേയം അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ഹബീബ് ജഹാൻ സ്വാഗതവും ടി. അനീസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Malappuram district rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.