തിരുവനന്തപുരം: വയനാട് ദുരന്തമുണ്ടായി രണ്ട് മാസം പിന്നിട്ടിട്ടും കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തതിൽ നിയമസഭയിൽ പ്രതിഷേധവും ആശങ്കയും. ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ചരമോപചാരം അർപ്പിക്കുന്നതിനിടയിലാണ് കക്ഷി വ്യത്യാസമില്ലാതെ നേതാക്കൾ വിമർശനമുന്നയിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം പ്രത്യേക സാമ്പത്തിക പാക്കേജാണ് പ്രതീക്ഷിച്ചതെങ്കിലും താൽക്കാലികമായി ഒരു വകയിരുത്തൽപോലും കേന്ദ്ര സര്‍ക്കാറിൽ നിന്നുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രധാനമന്ത്രി സന്ദർശനം നടത്തിപ്പോയെങ്കിലും നാളിതുവരെ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാൻ തയാറാവാത്തത് പ്രതിഷേധാർഹമാണെന്ന് സി.പി.ഐയിലെ ഇ. ചന്ദ്രശേഖരൻ ആരോപിച്ചു. പാക്കേജിനായി സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച അഭിപ്രായങ്ങളെ മാനിക്കാനോ നടപടി സ്വീകരിക്കാനോ കേന്ദ്രം തയാറായിട്ടില്ല. അവഗണന മനോഭാവത്തിൽ ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സമീപനം ആദ്യഘട്ടത്തിൽ ശുഭസൂചനയായിരുന്നെങ്കിലും പിന്നീടുണ്ടായ അമാന്തം വിഷമിപ്പിക്കുന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോൾ അനുകമ്പയോടുള്ള വലിയ സഹായം കിട്ടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഒന്നും ഉണ്ടാകാതിരുന്നത് ദുഃഖമുണ്ടാക്കുന്നെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. എന്നെങ്കിലും സഹായം കിട്ടിയിട്ട് കാര്യമില്ല. ദുഃഖമുള്ളപ്പോഴാണ് ആശ്വാസമുണ്ടാകേണ്ടത്. മരുന്ന് വേണ്ടത് മുറിവുണങ്ങും മുമ്പാണെന്നും അദ്ദേഹം പറഞ്ഞു.
സഹായത്തിന്റെ കാര്യത്തിൽ കേന്ദ്രം കൈമലർത്തുകയാണെന്നും സഭ ഒറ്റക്കെട്ടായി ആവശ്യപ്പെടണമെന്നും കെ.പി. മോഹനൻ പറഞ്ഞു. കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പ്രധാനമന്ത്രി വന്നുപോയെങ്കിലും പ്രഖ്യാപനങ്ങളും സഹായങ്ങളുമെല്ലാം പത്രവാർത്തകളായി മാത്രം അവസാനിച്ചുവെന്ന് കോവൂർ കുഞ്ഞുമോൻ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ സഹായം അനുവദിക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് മാണി സി. കാപ്പനും പറഞ്ഞു.
അതേസമയം അനുശോചന സെഷനിൽ സ്പീക്കർക്ക് ശേഷം ആദ്യം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസഹായം വൈകുന്നതിൽ ഒരു പരാമർശവും നടത്തിയില്ല.
തിരുവനന്തപുരം: മുണ്ടക്കൈയുടെയും ചൂരല്‍മലയുടെയും ഹൃദയവേദന നെഞ്ചോട് ചേർത്തും വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരമേകിയും നിയമസഭയുടെ ആദ്യ ദിനം. നാട് വിറങ്ങലിച്ച നാളുകളിൽ അതിർവരമ്പുകളില്ലാതെ രക്ഷാദൗത്യത്തിന് കേരളം കൈകോർത്തതും മാനവികതയുടെ ഉയർന്ന മാതൃകയായി നാട് മാറിയതുമടക്കം കക്ഷിനേതാക്കൾ അടിവരയിട്ടു. പുനരധിവാസത്തിലും കേന്ദ്രസഹായത്തിലുമുള്ള ആശങ്കകൾ പങ്കുവെച്ചും നടപടി ക്രമങ്ങളിലെ വൈകലുകൾ ചൂണ്ടിക്കാട്ടിയുമെല്ലാം അർഥവത്തായിരുന്നു രണ്ട് മണിക്കൂർ. വയനാടിനൊപ്പം കോഴിക്കോട്ടെ വിലങ്ങാടിനെക്കുറിച്ച് കൂടി പരാമർശിച്ചായിരുന്നു ചർച്ചകൾ.
കേരളത്തിനുണ്ടായ ഉണങ്ങാത്ത മുറിപ്പാട് നമ്മെയെല്ലാം നീറ്റുന്നുവെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. മഴ കനക്കുമ്പോഴെല്ലാം മനം കലക്കുന്ന ഭീതിദമായ ഓർമകള്‍ ബാക്കിയാക്കുന്ന ഒന്നായി വയനാട് ദുരന്തം. അമ്മയെ വേര്‍പിരിഞ്ഞ കുഞ്ഞുങ്ങളെയോര്‍ത്ത്, മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളെയോര്‍ത്ത്, സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ട മനുഷ്യരെയോര്‍ത്ത് ഒരു തേങ്ങല്‍ എല്ലാവരുടേയും തൊണ്ടയില്‍ കുടുങ്ങിയിരിക്കണമെന്ന് സ്പീക്കർ വ്യക്തമാക്കി.
ഉരുള്‍പൊട്ടൽ സമാനതകളില്ലാത്ത മഹാദുരന്തമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിൽപെടുന്നതാണ് ഈ ദുരന്തം. ചുരുങ്ങിയത് 1,200 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. മേപ്പാടിയിൽ സുരക്ഷിതമായ ടൗണ്‍ഷിപ് നിർമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ദുരന്തത്തെ അതിജീവിച്ചവരെ ചേര്‍ത്തുപിടിച്ച്, സുരക്ഷിതമായ ജീവിതം പുനഃസ്ഥാപിച്ച് നൽകാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാറെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തം മനസ്സിലുണ്ടാക്കിയ നോവ് നമ്മുടെ ജീവിതാവസാനം വരെ കൂടെയുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പാവപ്പെട്ടവരുടെ സങ്കടങ്ങള്‍ കാലത്തിന് മായ്ച്ചുകളയാന്‍ സാധിക്കാത്തതാണ്. കേരളം ഒരു അപകട മേഖലയിലാണെന്ന യാഥാർഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.