തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കിരീടം മലപ്പുറത്തിന്. 1442 പോയന്റ് നേടി മുൻവർഷത്തെ ചാമ്പ്യൻമാരായ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മലപ്പുറത്തെ ശാസ്ത്രപ്രതിഭകളുടെ വിജയഗാഥ. 1350 പോയന്റാണ് രണ്ടാമതെത്തിയ പാലക്കാടിന്റെ സമ്പാദ്യം.
2022 ലെ ചാമ്പ്യൻമാരായ പാലക്കാട് മികച്ച പ്രകടനം തുടക്കം മുതൽ പ്രകടമാക്കിയെങ്കിലും മലപ്പുറത്തിന്റെ മുന്നേറ്റം തടുക്കാനായില്ല. 26 ഒന്നാംസ്ഥാനങ്ങളും 13 രണ്ടാം സ്ഥാനങ്ങളും 15 മൂന്നാം സ്ഥാനങ്ങളും നേടിയാണ് പോയന്റിൽ ഒന്നാം നിരയിലേക്ക് മലപ്പുറമെത്തിയത്. 245 എ ഗ്രേഡുകളും മലപ്പുറത്തെ കുട്ടികൾ സ്വന്തമാക്കി. 1333 പോയന്റ് നേടിയ കണ്ണൂരും 1332 വീതം പോയന്റ് നേടിയ കോഴിക്കോട്, തൃശൂർ ജില്ലകളുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
സ്കൂൾ ഓവറോൾ ചാമ്പ്യനായി കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് (142 പോയന്റ്) തെരഞ്ഞെടുക്കപ്പെട്ടു. 138 പോയന്റ് നേടിയ ഇടുക്കി കൂമൺപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്.എസ്.എസും 134 പോയന്റോടെ തൃശൂർ പനങ്ങാട് എച്ച്.എസ്.എസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ശാസ്ത്രമേളയിൽ തൃശൂർ ജില്ല (124 പോയൻറ്) ചാമ്പ്യൻമാരായി. പാലക്കാടും (120) കാസർകോടുമാണ് (119) രണ്ടും മൂന്നും സ്ഥാനത്ത്. ഗണിതശാസ്ത്രമേളയിൽ മലപ്പുറം (268) ചാമ്പ്യൻമാരായി. പാലക്കാടും (256), തൃശൂരുമാണ് (255) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പ്രവൃത്തിപരിചയമേളയിൽ മലപ്പുറം (792) ജില്ല ചാമ്പ്യൻമാരായി. പാലക്കാടും (746), കോഴിക്കോട് (739) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
സാമൂഹിക ശാസ്ത്രമേളയിൽ മലപ്പുറം (132) ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം തിരുവനന്തപുരവും (125) മൂന്നാം സ്ഥാനം കോട്ടയവും (123) നേടി. ഐ.ടി വിഭാഗത്തിൽ ജില്ല ഒാവറോൾ മലപ്പുറം (144) നേടി. കണ്ണൂർ (128), കോഴിക്കോട് (115) ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. വിജയികൾക്ക് പ്രധാനവേദിയായ കോട്ടൺഹിൽ സ്കൂളിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം അധ്യക്ഷതവഹിച്ചു.
സ്കൂളുകളിൽ മുന്നിൽ ഇവർ: ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം മികച്ച സ്കൂളായി മഞ്ചേരി ജി.ബി.എച്ച്.എസ്.എസും എച്ച്.എസ്.എസ് വിഭാഗത്തിൽ തൃശൂർ പനങ്ങാട് എച്ച്.എസ്.എസ് , ചെന്ത്രാപ്പിന്നി എച്ച്.എസ് എന്നിവയും ഒന്നാമതെത്തി. ഗണിതശാസ്ത്രം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം പാലക്കാട് വാണിയാംകുളം ടി.ആർ.കെ.എച്ച്.എസ്.എസിനും എച്ച്.എസ്.എസ് വിഭാഗത്തിൽ കാസർകോട് എടനീർ എച്ച്.എച്ച്.എസ്.ഐ.ബി. എച്ച്.എസ്.എസിനുമാണ്.
സാമൂഹിക ശാസ്ത്രമേള എച്ച്.എസ് വിഭാഗത്തിൽ കോഴിക്കോട് വട്ടോളി നാഷനൽ എച്ച്.എസ്.എസിനും എച്ച്.എസ്.എസ് വിഭാഗത്തിൽ കാസർകോട് എടനീർ എച്ച്.എച്ച്.എസ്.ഐ.ബി. എച്ച്.എസ്.എസിനുമാണ് ഒന്നാം സ്ഥാനം. പ്രവൃത്തിപരിചയമേള എച്ച്.എസിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസും എച്ച്.എസ്.എസ് വിഭാഗത്തിൽ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസും ഒന്നാമതെത്തി.
ഐ.ടി. മേള എച്ച്.എസ് വിഭാഗത്തിൽ കിളിമാനൂർ ആർ.ആർ.വി ബി.വി.എച്ച്.എസ്.എസും പാലക്കാട് എടപ്പാലം പി.ടി.എം വൈ. എച്ച്.എസ്.എസും ഒന്നാം സ്ഥാനം നേടി. എച്ച്.എസ്.എസ് വിഭാഗത്തിൽ വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ് ഒന്നാമതെത്തി.
തിരുവനന്തപുരം: പനിച്ചൂടുമായി മത്സരത്തിനെത്തിയ ശ്രീഹരിക്ക് നിരാശനാകേണ്ടിവന്നില്ല. സംസ്ഥാന ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് ക്ലേ മോഡലിങ്ങിനെത്തിയ തൃശൂർ തളിക്കുളം ജി.വി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിയാണ് ശ്രീഹരി. കടുത്ത പനി അവഗണിച്ചാണ് അവൻ മത്സരത്തിനെത്തിയത്. മേള കഴിഞ്ഞിട്ട് വേണം ചികിത്സ തേടാനെന്നും അവർ പറഞ്ഞു.
വലപ്പാട് ബി.വി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യു.കെ.ജിയിൽ പഠിക്കുമ്പോൾ അധ്യാപിക അംബികയാണ് അവനെ ക്ലേ മോഡലിങ്ങിലേക്ക് കൈപിടിച്ചത്. സി.ബി.എസ്.ഇയിൽനിന്ന് പഠനം സ്റ്റേറ്റ് സിലബസിൽ മാറിയ ആറാം ക്ലാസ് മുതൽ ഇത് മൂന്നാം തവണയാണ് സംസ്ഥാന മേളക്കെത്തുന്നത്.
മൂന്നുതവണയും എ ഗ്രേഡ് നേടാനായതിന്റെ അഭിമാനവുമുണ്ട്. പെൻസിൽ ഡ്രോയിങ്ങിലും ജലഛായത്തിലും താൽപര്യമുള്ള ശ്രീഹരിക്ക് ഓട്ടോമൊബൈൽ ഡിസൈനറാകാനാണ് ആഗ്രഹം. ക്ലേ മോഡലിങ്ങിൽ ‘ഇര കഴിക്കുന്ന വന്യജീവി’ വിഷയം ലഭിച്ചപ്പോൾ മിക്കവരും സിംഹം ഇരപിടിക്കുന്നത് നിർമിച്ചപ്പോൾ ശ്രീഹരി വ്യത്യസ്തമായി പാമ്പിന്റെ മാതൃകയാണ് ഉണ്ടാക്കിയത്. മാതാപിതാക്കളായ മുരളീരാജ്, സജിനി, സഹോദരി ശ്രീലക്ഷ്മി എന്നിവർ പിന്തണയുമായുണ്ട്.
തിരുവനന്തപുരം: എച്ച്.എസ്.എസ് വിഭാഗം സാമൂഹികശാസ്തം സ്റ്റിൽ മോഡലിൽ ‘ഹാരപ്പൻ ലിപി ലോകോത്തര ലിപി’ ആവിഷ്കാരമൊരുക്കിയ വിദ്യാർഥിനികൾക്ക് ഒന്നാംസ്ഥാനം. ഈരാട്ടുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആഫിയ നിസാം, ലാസിമ അൻസാരി എന്നിവരാണ് ശ്രദ്ധേയമായ അവതരണം നടത്തിയത്.
ഗണിതം അടിസ്ഥാനമാക്കിയ ഹാരപ്പൻ ലിപിയാണ് ലോകത്തിലെ എല്ലാ ലിപികളുടെയും അടിസ്ഥാനമെന്ന സന്ദേശം കൂടി നൽകുന്നതായിരുന്നു ചളി, പ്ലാസ്റ്റർഓഫ് പാരിസ് എന്നിവ ഉപയോഗിച്ച് തയാറാക്കി നിറം നൽകിയെടുത്ത പ്രചീന ലിപികളുടെ പരിചയപ്പെടുത്തൽ.
ലിപികളെ വൈജ്ഞാനിക മേഖലയുടെ അടിത്തറയാക്കിയ ആദ്യ സമൂഹമായിരുന്നു ഹാരപ്പൻ ജനത. ഗണിതശാസ്ത്രവുമായി ബന്ധപ്പെടുത്തി ദീർഘചതുരം, ത്രികോണം, സമചതുരം തുടങ്ങിയ ജാമിതീയ രൂപങ്ങളുടെ അടിസ്ഥാനത്തിൽ കോർത്തിണക്കി ചിത്രലിപികളാക്കി ലോകത്തിന് സമ്മാനിക്കുകയായിരുന്നു അവർ. രണ്ടായിരത്തിലേറെ മുദ്രകൾ ഹാരപ്പൻ ജനതയുടെ മഹത്തായ കലാസൃഷ്ടികളായാണ് ചരിത്രം വിലയിരുത്തുന്നത്. ചരിത്രത്തിന്റെ ഈ ഏടുകളിലേക്ക് ശ്രദ്ധക്ഷണിക്കുകയായിരുന്നു ആഫിയയും ലാസിമയും.
തിരുവനന്തപുരം: സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന വൊക്കേഷനൽ എക്സ്പോയിൽ 15 പോയന്റ് നേടിയ കുറ്റിപ്പുറം മേഖല ചാമ്പ്യൻപട്ടം നേടി. കൊല്ലം, പയ്യന്നൂർ (10 പോയന്റ് വീതം), ചെങ്ങന്നൂർ (10 പോയന്റ്), എറണാകുളം, തൃശൂർ, വടകര (അഞ്ചുവീതം പോയന്റ്) എന്നീ മേഖലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
മോസ്റ്റ് കരിക്കുലം റിലേറ്റഡ് കാറ്റഗറി വിഭാഗത്തിൽ എറണാകുളം പുല്ലേപ്പടി ഡി.യു.വി.എച്ച്.എസ്.എസ് (സ്കോർ-256.8) ഒന്നാമതെത്തി. കൊല്ലം വാളത്തുംഗൽ ജി.വി.എച്ച്.എസ്.എസ് (സ്കോർ:236.4), ചെങ്ങന്നൂർ ഗേൾസ് ജി.വി.എച്ച്.എസ്.എസ് (സ്കോർ-236) എന്നി സ്കൂളുകളാണ് തൊട്ടുപിന്നിൽ. മോസ്റ്റ് ഇന്നവേറ്റിവ് കാറ്റഗറിയിൽ എടവണ്ണ എസ്.എച്ച്.എം ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തെത്തി (സ്കോർ-264.5). നെന്മാറ ജി.ജി.വി.എച്ച്.എസ്.എസ് (സ്കോർ-247.8), വടശ്ശേരിക്കര ടി.ടി.ടി.എം വി.എച്ച്.എസ്.എസ് (സ്കോർ: 227.5) എന്നീ സ്കൂളുകൾ തുടർന്നുള്ള സ്ഥാനങ്ങളിെലത്തി.
മോസ്റ്റ് മാർക്കറ്റബിൾ കാറ്റഗറി വിഭാഗത്തിൽ തൃശൂർ പുതുക്കാട് ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി (സ്കോർ-264.6), പയ്യന്നൂർ തോട്ടട ജി.വി.എച്ച്.എസ്.എസ് (സ്കോർ-256), അത്തോളി ജി.വി.എച്ച്.എസ്.എസ് (സ്കോർ-251) എന്നീ സ്കൂളുകളാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിലെത്തിയത്.
മോസ്റ്റ് പ്രോഫിറ്റബിൾ കാറ്റഗറിയിൽ തിരുവനന്തപുരം പേട്ട ഗേൾസ് ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി (സ്കോർ-250). പാലക്കാട് ജി.വി.എച്ച്.എസ്.എസ് ടി.എച്ച്.എസ് (244.8), കൊടക്കാട് കെ.എം.വി.എച്ച്.എസ്.എസ് (240) എന്നിവ തുടർന്നുള്ള സ്ഥാനങ്ങളിലെത്തി.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കൂടുതൽ പോയന്റ് ഓവറോൾ ചാമ്പ്യൻഷിപ് നേടുന്ന ജില്ലക്ക് അടുത്തവർഷം മുതൽ സ്വർണക്കപ്പ് നൽകുന്നത് ആലോചനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കലോത്സവ മാതൃകയിലാണ് ശാസ്ത്രമേളക്കും സ്വർണക്കപ്പ് നൽകുന്നത് പരിഗണിക്കുന്നത്. ശാസ്ത്രോത്സവ സമാപന സമ്മേളനത്തിന് നൽകിയ വിഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
വിദ്യാർഥികളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ എല്ലാ സഹായവും നൽകും. വിദ്യാർഥികൾ പാഠപുസ്കത്തിനപ്പുറം കല, കായികം, ശാസ്ത്രം ഉൾപ്പെടെ എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാകണം. അവസരം കിട്ടാത്തതാണ് കഴിവുകൾ പ്രകടമാക്കുന്നതിന് തടസ്സമാവുന്നത്. കഴിവുള്ളവർക്ക് അവസരങ്ങൾ ലഭ്യമാക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.