കരുവാരകുണ്ട്: നിർദിഷ്ട മലയോര പാതയുടെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ റീച്ചിനായുള്ള സ്ഥലം ഇനിയും നിർണയിച്ചില്ല. ഇരിങ്ങാട്ടിരി-വട്ടമല വഴിയാക്കാൻ ധാരണയായിരുന്നെങ്കിലും അതും എങ്ങുമെത്തിയില്ല. ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ രണ്ടു വഴികൾ ഉയർന്നുവന്നിരുന്നു. ഇതോടെ തീരുമാനത്തിന് ഉപസമിതിയെ ചുമതലപ്പെടുത്തി. മലയോര പാത മലപ്പുറം ജില്ലയിൽനിന്ന് പാലക്കാട് ജില്ലയിലേക്ക് കടക്കുന്ന ഭാഗമായ റീച്ചാണിത്.
നിലവിൽ കാളികാവിൽനിന്ന് കരുവാരകുണ്ട് ചിറക്കൽ വരെയുള്ള റീച്ചിെൻറ സർവേയും ടെൻഡറും കഴിഞ്ഞു. തുടർന്നുള്ള റീച്ച് കിഴക്കെത്തല-തരിശ്-കക്കറ-വട്ടമല, ചേറുമ്പ് ഇക്കോ വില്ലേജ്-പുൽവെട്ട-വട്ടമല എന്നിങ്ങനെ വൺവേയായി രണ്ട് വഴികൾവെച്ച് മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, 13.6 മീറ്റർ വീതി എന്ന നിബന്ധന പാലിക്കാൻ കഴിയാത്തതിനാൽ റിപ്പോർട്ട് സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ഇരിങ്ങാട്ടിരി-കുമ്മുള്ളി-പനഞ്ചോല-പറയൻമാട് വഴി പാലക്കാട്ടേക്കുള്ള നിർദേശം വന്നത്. ഇതോടെ തരിശ്-കക്കറ വഴിയുള്ള നിർദേശം പ്രദേശത്തുകാർ വീണ്ടുമുയർത്തി.
ആവശ്യമായ സ്ഥലം കണ്ടെത്താമെന്നും അവർ മുന്നോട്ടുവെച്ചു. രണ്ട് നിർദേശങ്ങൾ വന്നതോടെ ആദ്യം സ്ഥലമേറ്റെടുത്ത് നൽകുന്നവരുടേത് അംഗീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ആരും സമർപ്പിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. അതേസമയം, ആദ്യം വെച്ച നിർദേശം പാതയുടെ മാനദണ്ഡം പാലിക്കാത്തതിനാൽ തള്ളിയതായും പുതിയത് ഇതുവരെ ലഭിച്ചില്ലെന്നും പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയർ അനൂപ്കുമാർ അറിയിച്ചു.സ്ഥലം തീരുമാനമായാൽ മാത്രമേ സർവേ നടത്താനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.