പൊന്നാനി: ആർത്തിരമ്പി വരുന്ന തിരമാലകൾക്ക് മുന്നിൽ പകച്ചിരിക്കുകയാണ് പൊന്നാനി അലിയാർ പള്ളി സ്വദേശിനിയായ ചുള്ളിക്കൽ ആയിഷ. ആരോരുമില്ലാത്ത ആയിഷയുടെ ഓല മേഞ്ഞ വീടും ഏത് നിമിഷവും കടലെടുക്കും. ആശ്രയമായുണ്ടായിരുന്ന മകനും ഭർത്താവും മരിച്ചതോടെ വീട്ടിൽ ഏകാന്തവാസം നയിച്ചിരുന്ന ചുള്ളിക്കൽ ആയിഷക്ക് തീരാദുരിതമായാണ് തിരമാലകൾ വീടിന് മുകളിലേക്ക് ആഞ്ഞടിക്കുന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ രൂക്ഷമായ കടലാക്രമണത്തിൽ വീട്ടിനകത്തേക്ക് കടൽവെള്ളം കയറുമ്പോഴും പുറത്തിറങ്ങാൻ പോലുമാവാതെ നിസ്സഹായാവസ്ഥയിലാണിവർ. നേരത്തേ കടലാക്രമണ സമയങ്ങളിൽ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചിരുന്നെങ്കിലും കോവിഡ് ഭീതി മൂലം ഇനിയെങ്ങോട്ടുമില്ലെന്നാണ് ആയിഷ പറയുന്നത്. മറ്റുള്ളവരുടെ സഹായം മൂലമാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്.
നേരേത്തയുണ്ടാവുന്ന കടലാക്രമണങ്ങളിൽ വീടിനടുത്ത് വരെ വെള്ളം എത്താറുണ്ടെങ്കിലും ഇത്തവണ വീടിന് മുകളിലേക്കാണ് തിരമാലകൾ പതിക്കുന്നത്. രാവിലെ മുതലുണ്ടായ കടലാക്രമണത്തിൽ കുടിവെള്ളം പോലും മുടങ്ങിയ സ്ഥിതിയാണ്.
നേരത്തേ കടലാക്രമണ ഭീഷണിയെത്തുടർന്ന് മീറ്ററുകൾ മാറ്റി പുതുക്കിപ്പണിത അലിയാർ പള്ളിക്കകത്തേക്ക് കടൽ തിരമാലകൾ എത്തുന്നുണ്ട്. പള്ളിയുടെ പിൻഭാഗം ഏത് നിമിഷവും കടൽ കവരുമെന്ന സ്ഥിതിയിലാണ്.
പ്രദേശത്തെ ജുമുഅത്ത് പള്ളി കൂടിയാണിത്. കടലിനോട് ചേർന്ന് പുതുപൊന്നാനി മുനമ്പത്തെ ബീവി ജാറം പള്ളിയും തകർച്ചയുടെ വക്കിലാണ്. നേരത്തേ കടലാക്രമണ ഭീഷണിയെത്തുടർന്ന് പള്ളിയോട് ചേർന്ന് സംരക്ഷണ ഭിത്തികൾ സ്ഥാപിച്ചിരുന്നു. ഇതെല്ലാം കടലെടുക്കുകയും തിരമാലകൾ നേരിട്ട് പള്ളിയിലേക്ക് ആഞ്ഞടിക്കുകയുമാണ്. കാപ്പിരിക്കാട് പള്ളിയും കടലെടുക്കുമെന്ന നിലയിലാണ്.
അടിയന്തര ഇടപടല്‍ വേണം –ഇ.ടി
പൊന്നാനിയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇ.ടി. മുഹമദ് ബഷീര്‍ എം.പി കലക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.
പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, എം.ഇ.എസിന് പിന്‍വശം, മുറിഞ്ഞായി, പുതുപൊന്നാനി മേഖലകളിലാണ് കടലാക്രമണം ശക്തമായിട്ടുള്ളത്. കൂടാതെ പാലപ്പെട്ടിയിലും വെളിയങ്കോടും കടലാക്രമാണം രൂക്ഷമാണ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചുകൂട്ടുണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.