അങ്കമാലി: മലയാളി ട്രക്ക് ഡ്രൈവറെ തമിഴ്നാട് കൃഷ്ണഗിരിയിൽ റോഡിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം നെടുമ്പാശ്ശേരി മേക്കാട് കാരക്കാട്ടുകുന്ന് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം മുളവരിക്കൽ വീട്ടിൽ പരേതനായ തോമസിന്‍റെ മകൻ എം.ടി. ഏല്യാസാണ് (45) കൊല്ലപ്പെട്ടത്.
ചെന്നൈയിൽനിന്ന് ഇലക്ട്രോണിക്സ് സാധനങ്ങളുമായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ തമിഴ്നാട് കൃഷ്ണഗിരിയിൽ വെച്ച് ബൈക്കിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഞായറാഴ്ച പുലർച്ച 4.30ഓടെ ഏല്യാസ് ചായ കുടിക്കാൻ ഇറങ്ങിയ സമയത്താണ് ആക്രമണമുണ്ടായത്. വാഹനങ്ങൾ തടഞ്ഞുനിർത്തി പണം പിടിച്ചുപറിക്കുന്ന സംഘമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം.
ഒന്നര മാസമായി നാമക്കൽ ട്രാൻസ്പോർട്ട് കമ്പനിയിലെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഏല്യാസ്. നേരത്തെ അത്താണി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ശേഷം സ്വന്തമായി ലോറി വാങ്ങി അന്തർ സംസ്ഥാനങ്ങളിൽ സർവീസ് നടത്തിയിരുന്നു. പിന്നീടാണ് തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്.
10ാം ക്ലാസ് വിദ്യാർഥി അലനാണ് ഏകമകൻ.
സഹോദരങ്ങൾ: എൽദോ, ജേക്കബ്, സുജ, ഷൈനി, മിനി. മൃതദേഹം കൃഷ്ണഗിരി മെഡിക്കൽ കോളജിൽ തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രാത്രി വീട്ടിലെത്തിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ മേക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.