ഹൈദരാബാദ്: ഭക്ഷണവും വെള്ളവുമില്ലാതെ നരകിച്ച 18 മലയാളി യുവാക്കൾക്ക് രക്ഷകരായി ആൾ ഇന്ത്യ മലയാളി അസോസിയേഷൻ. ഇ വരെ ഹൈദരാബാദ് ബാലനഗറിലെ മലയാളികൾ നടത്തുന്ന എൻ.എസ്.കെ.കെ എന്ന സ്കൂളിന്റെ ഹോസ്റ്റലിലേക്ക് മാറ്റി. രണ്ടാ ഴ്ചത്തേക്കുള്ള ഭക്ഷണമുൾപ്പെടെ എല്ലാ സൗകര്യവും ചെയ്തുതന്നതായി സംഘത്തിലുള്ള ജിതിൻ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.
13 കണ്ണൂരുകാരും രണ്ട് പത്തനംതിട്ടക്കാരും മൂന്ന് തൃശൂർകാരുമടങ്ങുന്ന സംഘം ഹൈദരാബാദിൽ കുടുങ്ങിയത് സംബന്ധിച്ച് ‘മാധ്യമം ഓൺലൈൻ’ ഇന്നലെ വാർത്ത നൽകിയിരുന്നു. സഹായമഭ്യർഥിക്കുന്ന വിഡിയോയും പങ്കുവെച്ചിരുന്നു. മഹാരാഷ്ട്രയിലെ സേവാഗ്രാമിൽ ജോലി ചെയ്യുന്ന ഇവർ കോവിഡ് 19 ഭീതി മൂലമാണ് നാട്ടിലേക്ക് തിരിച്ചത്.
ബസ് മാർഗം ശനിയാഴ്ച ഹൈദരാബാദിൽ എത്തിയപ്പോഴാണ് നാട്ടിലേക്കുള്ള തീവണ്ടി ഗതാഗതം നിലച്ചതറിയുന്നത്. തുടർന്ന് കണ്ണൂരിലേക്ക് വരാൻ വിമാന ടിക്കറ്റ് എടുത്തെങ്കിലും വിമാനവും റദ്ദായി. ഒടുവിൽ ഹൈദരാബാദ് വിമാനത്താവളത്തിന് സമീപം ഷംസിയാബാദിലെ ഒ.കെ. ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. കൈയ്യിൽ പണമില്ലാതെ പട്ടിണിയിൽ കഴിഞ്ഞ ഇവരോട് ഒഴിഞ്ഞുപോകാൻ ലോഡ്‌ജ് ഉടമകൾ ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സഹായവുമായി മലയാളി അസോസിയേഷനെത്തിയത്.
ലോക കേരള മഹാസഭ അംഗങ്ങളായ രാധാകൃഷ്ണൻ, പ്രദീപ്, സി.എസ് പ്രസാദ്, തോമസ് ജോൺ, തെലങ്കാന കേരള സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി കേളകം സ്വദേശി സുമേഷ് സി. രവീന്ദ്രൻ, സുരേഷ്, സുരേന്ദ്രൻ, കേണൽ എം.ജി നായർ തുടങ്ങിയവരാണ് സാമ്പത്തികമായും മറ്റും സഹായിച്ചത്. സർക്കാർ ഇടപെട്ട് 18 പേരെയും നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും 21 ദിവസം ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇതുപേക്ഷിക്കുകയായിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.