അബിൻ സി. രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ്; സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി

കായംകുളം: കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രധാന കണ്ണി എസ്.എഫ്.ഐ മുൻ ഏരിയ പ്രസിഡന്റും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ അബിൻ സി. രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ് ഭരണകൂടം. കൂടാതെ, അബിന്‍റെ സിമ്മും വർക്ക് പെർമിറ്റും അധികൃതർ റദ്ദാക്കിയിട്ടുണ്ട്.

ഒന്നര വർഷം മുമ്പ് മാലിദ്വീപിലെത്തിയ അബിൻ, മാലെ സിറ്റിയിലെ കലഫാനു സ്കൂളിലെ അധ്യാപകനായിരുന്നു. മാലെ സിറ്റിക്കടുത്ത് ഹുൽഹുമലെ ദ്വീപിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്.

അതേസമയം, അബിൻ സി. രാജിനെ കുറിച്ച് കൂടുതൽ അറിയില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയമാണ് അക്കാര്യങ്ങൾ അന്വേഷിക്കേണ്ടതെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി. ആളുകൾ പലതും പറയുന്നുണ്ട്. ഇതെല്ലാം സത്യമാണോ എന്നറിയില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കരാറിലാണ് ഇയാൾ എത്തിയതെന്നും പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.

കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ അബിൻ സി. രാജിനെ ഇന്നലെ അർധരാത്രിയിലാണ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മാലിയിലായിരുന്ന അബിനെ രാത്രി 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചാണ് കസ്റ്റഡിയിലെടുത്തത്.

പ്രധാന പ്രതിയായ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു പിന്നാലെ അബിൻ സി. രാജും കസ്റ്റഡിയിലായതോടെ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇരുവരുടെയും സംഘടന കാലയളവിൽ സഹപ്രവർത്തകരായിരുന്നവർക്കും പാർട്ടി ചുമതലക്കാർക്കും ഇതറിയാമായിരുന്നെന്ന വിവരവും നിഖിൽ കൈമാറിയിട്ടുണ്ട്.

അബിനാണ് എറണാകുളത്തെ ഏജൻസി മുഖാന്തരം വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയതെന്നാണ് നിഗമനം. ഒന്നാം പ്രതി നിഖിൽ തോമസ് പൊലീസിന്റെ ചോദ്യങ്ങളോട് ശരിയായ നിലയിൽ പ്രതികരിക്കുന്നില്ല. കരിപ്പുഴ തോട്ടിലേക്ക് എറിഞ്ഞതായി പറയുന്ന ഫോണിനെ സംബന്ധിച്ചും വ്യക്തത വരുത്താനായില്ല.

Tags:    
News Summary - Maldives sacks Abin C. Raj; SIM and work permit canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.