തൃശൂർ: രസച്ചരട് പൊട്ടാതെ ആ പ്രസംഗങ്ങളേറെ മുഴങ്ങിയ ഇരിങ്ങാലക്കുടയിലെ ടൗൺഹാളിൽ ഇന്നസെന്റ് നിശ്ചലനായി കിടന്ന കാഴ്ച എല്ലാവരുടെയും കണ്ണ് നനയിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയുമടക്കം ആയിരങ്ങൾ. ഉച്ചക്ക് 2.20നാണ് ഇന്നസെന്റിന്റെ ഭൗതികശരീരം വഹിച്ച വാഹനം ടൗൺഹാളിലേക്കെത്തിയത്.
അവസാനമായി ഒരു നോക്കുകാണാൻ തടിച്ചുകൂടിയ ജനസഞ്ചയത്തെ സാക്ഷിയാക്കി നാട്ടുകാർ ആംബുലൻസിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി. ടൗൺഹാളിൽ ഒരുക്കിയ പുഷ്പപീഠത്തിന് സമീപത്തെ കസേരകളിലേക്ക് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഭാര്യ ആലീസും മകന്റെ ഭാര്യ രശ്മിയും ആദ്യമെത്തി. പിന്നാലെ ആംബുലൻസിനൊപ്പം കൊച്ചിയിൽ നിന്നുവന്ന മകൻ സോണറ്റ്, കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ്, പ്രിയദർശൻ, ദിലീപ്, ഇടവേള ബാബു, ബാബുരാജ്, സിദ്ദീഖ്, ജോജു ജോർജ്, ആന്റോ ജോസഫ് എന്നിവരുമെത്തി. തിരക്കിനെ വകഞ്ഞുമാറ്റി ഇന്നസെന്റിന്റെ ഭൗതികശരീരം കൊണ്ടുവന്നു. മന്ത്രി ഡോ. ആർ. ബിന്ദുവാണ് ആദ്യ റീത്ത് സമർപ്പിച്ചത്. പിന്നാലെ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരും നാട്ടുകാരുമെത്തി പ്രണാമമർപ്പിച്ചു. 3.22നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയോടൊപ്പം ടൗൺഹാളിലെത്തിയത്. വിതുമ്പിക്കൊണ്ടിരുന്ന കുടുംബാംഗങ്ങളെ ഇരുവരും ആശ്വസിപ്പിച്ചു. പൊട്ടിക്കരഞ്ഞ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റിനെ കമല ചേർത്തുപിടിച്ച് സാന്ത്വനിപ്പിച്ചു. വീട്ടുകാരെ ആശ്വസിപ്പിക്കാൻ അൽപനേരം ഇരുന്ന ശേഷമാണ് മുഖ്യമന്ത്രി തിരിച്ചുപോയത്.
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എം.ബി. രാജേഷ്, സംവിധായകരായ സത്യൻ അന്തിക്കാട്, ടോം ഇമ്മട്ടി, അമ്പിളി, നടന്മാരായ ടോവിനോ തോമസ്, ബിജു മേനോൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. 5.15ന് പൊതുദർശനം അവസാനിപ്പിക്കുമ്പോഴും ആളുകൾ വന്നുകൊണ്ടിരുന്നു. തുടർന്ന് ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുപോയി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പളളിയുടെ കിഴക്കേ സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ പത്തിനാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.