"കാഴ്ചയിലേ യുവാവുള്ളൂ, വയസ്സ് പത്തുതൊണ്ണൂറായി..!"; മമ്മൂട്ടിയുടെ പ്രസംഗം വൈറൽ

കൊല്ലം: കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത നടൻ മമ്മൂട്ടി നടത്തിയ പ്രസംഗം വൈറലായി. ചിരിക്കാനും ചിന്തിക്കാനും വക നൽകിയ പ്രസംഗത്തിലൂടെ മമ്മൂട്ടി സമാപന സമ്മേളനവേദിയെ കൈയ്യിലെടുക്കുയായിരുന്നു. മമ്മൂട്ടിയുടെ പ്രസംഗത്തിൽ നിന്ന്..

'സ്‌കൂള്‍ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് എന്നെ ക്ഷണിച്ചപ്പോള്‍ എന്നെ പോലെയുള്ള ഒരാള്‍ക്ക് ഈ യുവജനങ്ങള്‍ക്കിടയില്‍ എന്ത് കാര്യമെന്ന് ഞാന്‍ ആലോചിച്ചു. മിനിസ്റ്റര്‍ നിര്‍ബന്ധിച്ച് പറഞ്ഞു നിങ്ങളാണ് ഈ പരിപാടിക്ക് പറ്റിയ യോഗ്യനായയാള്‍. അതിന് മിനിസ്റ്റര്‍ കണ്ടുപിടിച്ചത് ഞാനിപ്പോഴും യുവാവാണ് എന്നാണ്. പക്ഷെ അത് കാഴ്ചയിലെ ഉള്ളൂ കേട്ടോ. വയസ് പത്ത് തൊണ്ണൂറായി.

ഏതായാലും ഞാന്‍ വരാം എന്നുള്ള കാര്യം തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ കാണുന്നത്. മമ്മൂട്ടിക്ക് ഏത് ഡ്രെസിട്ടിട്ടായിരിക്കും ഈ പരിപാടിക്ക് വരിക എന്നുള്ളത്. ഞാനേതായാലും അതിന് മുന്‍പ് ഒരു പാന്റൊക്കെ വെച്ച് അത്യാവശ്യം യുവാവാകണമല്ലോ. ഒരു ഷര്‍ട്ടും വേണമെങ്കില്‍ ഒരു കൂളിംഗ് ഗ്ലാസും വെക്കാം എന്നുള്ള ധാരണയില്‍ എല്ലാ റെഡിയാക്കി വെച്ചപ്പോഴാണ് ഞാന്‍ ഈ വീഡിയോ കാണുന്നത്.

അവരൊക്കെ പ്രതീക്ഷിക്കുന്നത് ഒരു മുണ്ടും വെള്ള ഷര്‍ട്ടുമൊക്കെയിട്ടാണ് എന്നെ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഇങ്ങനെ വന്നു. രാവിലെ ഞാന്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ ഒരു വെള്ള ഷര്‍ട്ട് കൂടി എടുത്തുവെച്ചു, ഒരു മുണ്ടും. നിങ്ങളുടെ എല്ലാവരുടേയും പ്രതീക്ഷക്കൊത്ത് അണിഞ്ഞൊരുങ്ങാന്‍ മാത്രമെ എനിക്ക് സാധിച്ചിട്ടുള്ളൂ. ഇത്രയും വലിയ ജനക്കൂട്ടം കാണുമ്പോള്‍ എനിക്ക് വലിയ പരിഭ്രമമുണ്ട്.

ഒന്ന് ഞാന്‍ നിങ്ങളെ എല്ലാവരേയും സന്തോഷിപ്പിക്കണം എന്റെ വാക്കുകളിലൂടെ. രണ്ട് മറ്റൊന്ന് മഴ വരാനുള്ള സാധ്യത കാണുന്നുണ്ട്. ഈ ജനങ്ങള്‍ മഴ വരുമ്പോള്‍ അങ്കലാപ്പായി അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടി എനിക്കുണ്ട്. അതുകൊണ്ട് ഞാന്‍ ഒരുപാട് നേരം സംസാരിച്ച് നിങ്ങളെ ഇവിടെ നിര്‍ത്തി മഴ കൊള്ളിക്കാന്‍ ആഗ്രഹിക്കുന്നില്ല.

ഒരു യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽപ്പോലും പങ്കെടുക്കാത്തയാളാണ് ഞാൻ. ആ എനിക്ക് നിങ്ങളുടെ മുമ്പിൽ സംസാരിക്കാൻ അർഹത നേടിയെങ്കിൽ ഈ കലാപാരിപാടിയിൽ പങ്കെടുത്ത പരാജയപ്പെട്ടവർക്കും വിജയിച്ചവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കും. ക്ഷേത്രകലകൾ, മാപ്പിളപ്പാട്ട് മത്സരം തുടങ്ങി കേരളത്തിലുള്ള എല്ലാ തരത്തിലുള്ള മത്സരങ്ങളും യാതൊരു വിവേചനവുമില്ലാതെ കൂടിച്ചേരുന്ന സമ്മേളനമാണ് ഈ യൂത്ത് ഫെസ്റ്റിവൽ. ചെറുപ്പത്തിൽ തന്നെ അവരുടെ മനസ്സിലേക്ക് അനാവശ്യ ചിന്തകളില്ലാതെ, ഒരു വിവേചനവും വേർതിരിവുകളുമില്ലാതെ, കൂടെയുള്ളത് കൂട്ടുകാരനാണ് അല്ലെങ്കിൽ കൂട്ടുകാരിയാണെന്ന ബോധ്യത്തോടെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.'


Tags:    
News Summary - Mammootty's speech at the concluding session of the State School Arts Festival goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.