കോട്ടയം: അതിർത്തി ചെക്ക്പോസ്റ്റുകൾ പൂർണമായും ഓൺലൈനായിട്ട് മൂന്നരവർഷം കഴിഞ്ഞിട്ടും മോട്ടോർ വാഹന വകുപ്പിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥർ ‘ജോലിയില്ലാതെ’ ഇപ്പോഴും അവിടങ്ങളിൽ തുടരുന്നു. സംസ്ഥാനത്തെ റോഡുകളിൽ അപകടങ്ങൾ നിത്യസംഭവമാകുമ്പോൾ അതിന് തടയിടാൻ ചുമതലപ്പെട്ട എൻഫോഴ്സ്മെന്‍റ് ജീവനക്കാരാണ് ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിൽ ‘കടിച്ചുതൂങ്ങുന്നത്’. 2021 ജൂണിലാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകൾ പൂർണമായും ഓൺലൈനാക്കി സർക്കുലർ പുറപ്പെടുവിച്ചത്. അതിനാൽ നാമമാത്ര ജീവനക്കാരുടെ സേവനമേ ഇവിടെ ആവശ്യമുള്ളൂ. എന്നാൽ, സംവിധാനം നടപ്പാക്കുന്നതിന് മുമ്പുള്ള അതേ ജീവനക്കാരാണ് ഇപ്പോഴും ചെക്ക്പോസ്റ്റുകളിൽ.
സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറക്കാൻ നടപ്പാക്കിയ സേഫ് കേരള പദ്ധതി ഉൾപ്പെടെ മതിയായ ജീവനക്കാരില്ലാതെ മുടന്തുമ്പോഴാണ് ഒരുവിഭാഗം ജീവനക്കാർ ഇങ്ങനെ ‘സുഖിക്കുന്നത്’. ഈ ഉദ്യോഗസ്ഥരെ വാഹനപരിശോധനക്ക് ഉപയോഗിക്കണമെന്ന ആവശ്യമാണ് വകുപ്പിൽ നിന്നുൾപ്പെടെ ഉയരുന്നത്. 22 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 70 അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുമാണ് വിവിധ ചെക്ക് പോസ്റ്റുകളിൽ തുടരുന്നത്. അതിന് പുറമെ കുറേപേരെ ലൈസൻസ് ടെസ്റ്റിനായി വിനിയോഗിച്ചിട്ടുമുണ്ട്.
മുമ്പ് വാഹനങ്ങൾ പരിശോധിച്ച് ടാക്സും പെർമിറ്റും ഉൾപ്പെടെ നൽകുന്ന ജോലികൾ ചെക്ക്പോസ്റ്റുകളിലാണ് നടന്നിരുന്നത്. എന്നാൽ, ഓൺലൈനായതോടെ അപേക്ഷകൾ ഇ-വാഹൻ പോർട്ടലിലെ ചെക്ക്പോസ്റ്റ് മൊഡ്യൂൾ വഴി സമർപ്പിച്ച് ഈ ആവശ്യങ്ങൾ നേടാം. വാഹനം കടന്നുപോകുന്ന ചെക്ക്പോസ്റ്റിൽ ഈ രസീതിന്‍റെ പ്രിന്‍റ് കാണിച്ച് ഒപ്പും സീലും വാങ്ങിയാൽ മതി. അതിനായി നാമമാത്ര ജീവനക്കാരുടെ സേവനം മതി. എന്നാൽ, ഇപ്പോഴും ചെക്ക്പോസ്റ്റുകളിൽ ജീവനക്കാർ തുടരുകയാണ്.
എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട വാഹനങ്ങൾ ഇപ്പോൾ ടെസ്റ്റിങ് ഗ്രൗണ്ടിൽ പോകാനാണ് ഉപയോഗിക്കുന്നത്. ഇങ്ങങനെ 120ലധികം വാഹനങ്ങളുണ്ട്. ഈ വാഹനങ്ങൾ സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.