ഇരിട്ടി: ഓൺലൈൻ സ്റ്റോക് കേന്ദ്രത്തിൽനിന്നും 11 ലക്ഷം രൂപയുടെ മൊബൈൽ ഫോണും കാമറയും തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. കേളകം അടക്കാത്തോട് പുത്തൻപറമ്പിൽ മുഹമ്മദ് ജുനൈദിനെയാണ് (27) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 23നാണ് സ്റ്റോക് കേന്ദ്രം അധികൃതർ മോഷണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ജുനൈദ്, ഫീൽഡിൽ പോകുന്ന സെയിൽസ്മാന്മാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തുകയും രണ്ട് സെയിൽസ്മാന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ നാട്ടിൽ നിന്നും മുങ്ങിയ മുഹമ്മദ് ജുനൈദ് ഹിമാചൽ പ്രദേശ്, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ബംഗളൂരുവിൽനിന്ന് അടക്കാത്തോട്ടിലേക്ക് വരുംവഴി കൂട്ടുപുഴയിൽനിന്നാണ് മുഹമ്മദ് ജുനൈദിനെ അറസ്റ്റ് ചെയ്തത്. ഇയാൾ കേളകത്ത് ഐ.ടി ആക്ടിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വിലകൂടിയ മൊബൈൽഫോണും കാമറകളും വ്യാജ മേൽവിലാസത്തിൽ ഓർഡർ ചെയ്യും. സെയിൽസ്മാൻ ഈ ഓർഡറിലുള്ള ആൾക്കെന്ന വ്യാജേന പാർസൽ സ്റ്റോക് കേന്ദ്രത്തിൽനിന്നും പുറത്ത് കൊണ്ടുപോകും. മുഖ്യപ്രതി മുൻകൂട്ടി തീരുമാനിച്ചതുപ്രകാരം രഹസ്യകേന്ദ്രത്തിൽവെച്ച് പാർസൽ, ബ്ലേഡ് ഉപയോഗിച്ച് പൊളിച്ച് വിലകൂടിയ മൊബൈലും കാമറയും കവർന്ന ശേഷം വിലകുറഞ്ഞ മൊബൈൽ ഫോൺ, കാമറ എന്നിവ പാർസലിൽ തിരികെക്കയറ്റി തിരിച്ചറിയാത്ത രീതിയിൽ ഒട്ടിച്ച് സെയിൽസ്മാന്മാർ മുഖേന, ഓർഡർ വ്യാജ വിലാസത്തിലാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റോക് കേന്ദ്രത്തിൽതന്നെ തിരികെ നൽകുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ ബേബി ജോർജ്, എം.ജെ. മാത്യു, കെ.കെ. മോഹനൻ, സി.പി.ഒമാരായ റഷീദ്, നവാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.