പഞ്ചവടി ബീച്ചിലെ കൂൾബാർ ആക്രമണ കേസിൽ ഒരാൾ അറസ്റ്റിൽ

ചാവക്കാട്: പഞ്ചവടി ബീച്ചിൽ കൂൾബാർ തകർത്ത് സാധനങ്ങൾ കടലിലെറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ.എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീറിനെയാണ് (30) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവുണ്ടായത്.

എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് പഞ്ചവടി സ്വദേശി റിഷാദിന്‍റെ ഉടമസ്ഥതയിൽ തുറന്ന് പ്രവർത്തിച്ച ബീച്ച് ഫോർട്ട് കൂൾബാറിനു നേരേയാണ് ആക്രമണമുണ്ടായത്. സ്ഥാപനത്തിലുണ്ടായിരുന്നു റഫ്രിജറേറ്ററും ഷവർമ മെഷീനും കടലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മിക്സി, ഫാൻസി ലൈറ്റുകൾ, ഫർണീച്ചറുകൾ, സിസി ടി.വി ക്യാമറ എന്നിവയും മേശയിൽ ഉണ്ടായിരുന്നു ആറായിരത്തോളം രൂപയും കവർന്നു.

സംഭവത്തിനു രണ്ട് ദിവസം മുമ്പാണ് റിഷാദ് സ്ഥാപനം ആരംഭിച്ചത്. കടയുടമയുമായി പ്രതികൾക്കുള്ള മുൻവൈരാഗ്യത്താൽ സമൂഹ മാധ്യമത്തിലൂടെ നടത്തിയ വെല്ലുവിളികളും മറ്റുമാണ് ആക്രമണത്തിനു പിന്നിൽ എന്ന് പൊലീസ് പറഞ്ഞു. നസീറിനെ കോടതി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

ചാവക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, പി.സി. സുനിൽ, എ.എസ്.ഐമാരായ ബിന്ദുരാജ്, ബാബു , സീനിയർ സി.പി.ഒമാരായ പ്രജീഷ്, ജിജി, സി.പി.ഒമാരായ എസ്. ശരത്ത്, കെ. ആശിഷ്, ജിഫിൻ, വിഷ്ണു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.