പോത്തൻകോട്: പ്രഭാത സവാരിക്കിടെ നിയന്ത്രണം തെറ്റിയ കാർ പാഞ്ഞുകയറി ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ടു. പോത്തൻകോട് ചുമടുതാങ്ങിവിള പൊയ്കയിൽ മിസ്‌പാ ഭവനിൽ സൈമൺ (71) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.15 ന് കഴക്കൂട്ടം -വെഞ്ഞാറമൂട് എം.സി.ബൈപാസ് റോഡിൽ പോത്തൻകോട് ഒരുവാമൂല കലുങ്കിന് സമീപത്തായിരുന്നു അപകടം.കാട്ടായിക്കോണം ഭാഗത്ത് നിന്ന് പോത്തൻകോട് ഭാഗത്തേക്ക് റോഡിന്റെ വലതുവശം ചേർന്ന് നടന്നുവരുകയായിരുന്നു സൈമനെ, എതിരെ വന്ന കാർ നിയന്ത്രണം തെറ്റി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങി സമീപത്തെ മരത്തിലും റോഡിലെ ബാരിക്കേടിലും ഇടിച്ചാണ് സൈമൻ റോഡിന്റെ ടാർ ഭാഗത്തേക്ക് തെറിച്ച് വീണ് തത്ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോന്നിയിൽ നിന്ന് ബലിയിടാനായി തിരുവല്ലത്തേക്ക് വന്ന അമ്മയും മകനും സഞ്ചരിച്ച കാറാണ് ഗൃഹനാഥനെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തെതുടർന്ന് കാർ നിർത്താതെ 150 മീറ്ററോളം മുന്നോട്ടുപോയ ശേഷം തിരികെ അപകടസ്ഥലത്ത് എത്തുകയായിരുന്നു. എല്ലാ ദിവസവും സുഹൃത്തും പാസ്റ്ററുമായ സത്യനേശനും ഒന്നിച്ചാണ് എന്നും സൈമൻ പ്രഭാത സവാരിക്ക് പോകുന്നത്.
ഇന്നലെ നേരിയ പനിയുണ്ടായിരുന്നതിനാൽ സത്യനേശൻ പ്രഭാതസവാരിക്ക് എത്താത്തതിനാൽ സൈമൻ ഒറ്റക്കാണ് പോയത്. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി കാർ സ്റ്റേഷനിലേക്ക് മാറ്റി. കൂലിപ്പണിക്കാരനാണ് മരിച്ച സൈമൻ. എ.ജി. ചർച്ച് ആറ്റിങ്ങൽ സെക്ഷൻ കമ്മറ്റി അംഗവും പോത്തൻകോട് എ.ജി. ചർച്ച് സെക്രട്ടറിയുമാണ്. ഭാര്യ :ആർ. ബേബി. മക്കൾ: സിമി സൈമൻ( ടീച്ചർ ,ബി.ആർ.സി.കറുകച്ചാൽ,കോട്ടയം), സിനി സൈമൻ, സിബി സൈമൻ. മരുമക്കൾ: സന്തോഷ്,അഗസ്റ്റിൻ. സംസ്കാരം വ്യാഴ്ച .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.