കൊല്ല​പ്പെട്ട രാജു,  പ്രതി രാജ

മദ്യപിച്ച് ജ്യേഷ്ഠനെ കുത്തിവീഴ്ത്തി, ചോര കണ്ട് നിലവിളിച്ചു, സ്ഥിരം വഴക്കിടുന്നതിനാൽ ആരും വന്നില്ല; കഴക്കൂട്ടത്ത് സഹോദരന്റെ കൊലക്ക് കാരണം നിസ്സാര വാക്കുതർക്കം

കഴക്കൂട്ടം: കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയത് മദ്യലഹരിയിൽ ഉണ്ടായ നിസ്സാര വാക്കുതർക്കത്തിന്റെ പേരിൽ. കഴക്കൂട്ടം ഐ.ടി നഗരത്തിൽ ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട് കോളനിയിൽ രാജന്റെയും വസന്തയുടെയും മകൻ രാജു (42) ആണ് സഹോദരൻ രാജയുടെ കുത്തേറ്റു മരിച്ചത്.

സംഭവ ദിവസം രാത്രി പതിനൊന്നു മണിയോടെ കഴക്കൂട്ടത്തെ ബാറിൽ നിന്നും മദ്യപിച്ചശേഷം വീട്ടിലെത്തിയ രാജ, വീട്ടിലുണ്ടായിരുന്ന ജ്യേഷ്ഠൻ രാജുവുമായി വാക്കുതർക്കമുണ്ടാവുകയും അത് ഇരുവരും തമ്മിലുള്ള സംഘട്ടനത്തിലേക്ക് എത്തുകയുമായിരുന്നു. സംഘട്ടത്തിനിടെ വീട്ടിലുണ്ടായിരുന്ന കത്തി എടുത്ത് രാജ, ജ്യേഷ്ഠൻ രാജുവിനെ കുത്തി. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ രാജു വീടിനു മുന്നിലെ കുടിവെള്ള പൈപ്പിന് മീതെ കുഴഞ്ഞു വീണു. വീഴ്ചയിൽ പൈപ്പുപൊട്ടി വെള്ളവും രക്തവും മുറ്റത്ത് തളം കെട്ടിയതോടെ പ്രതി രാജ നിലവിളിച്ച് ബഹളം വെച്ചു. എന്നാൽ, ഇവർ സ്ഥിരമായി വഴക്കും കൈയാങ്കളിയും നടത്തുന്നതിനാൽ ആദ്യം നാട്ടുകാർ ആരും അവിടേയ്ക്ക് വന്നില്ല. അയൽക്കാരനും ഇവരുടെ സുഹൃത്തുമായ ലല്ലു എന്ന യുവാവാണ് ആദ്യം ഓടിയെത്തിയത്.

രാജു കുത്തേറ്റുകിടക്കുന്ന വിവരം നാട്ടുകാരെ വിളിച്ചറിയിച്ചത് ലല്ലുവാണ്. സ്ഥലത്ത് ഓടികൂടിയ നാട്ടുകാർ ഉടൻ തന്നെ സംഭവം കഴക്കൂട്ടം പൊലിസിൽ അറിയിച്ചു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ ആദ്യം പ്രതിയുടെ ഓട്ടോയിൽ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ചതിനെതുടർന്ന് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന പ്രതി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം നടക്കുമ്പോൾ വീട്ടിൽ സഹോദരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. സുഖമില്ലാത്തതിനാൽ അച്ഛനും അമ്മയും മേനംകുളത്ത് ഇവരുടെ മകൾ രാജിയുടെ വീട്ടിലാണ് താമസിക്കുന്നത്. മരിച്ച രാജുവിന്റെ ഭാര്യ സൗമ്യയും ഇവർക്കൊപ്പം മേനംകുളത്തെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സി.ഐ.ടി.യു തൊഴിലാളിയായ രാജു എല്ലാ ദിവസവും രാത്രി മേനംകുളത്തെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം കഴക്കൂട്ടം പുല്ലാട്ടുകരിയിലെ വീട്ടിലെത്തിയാണ് കിടന്നിരുന്നത്.

സംഭവ ദിവസം മദ്യലഹരിയിൽ രാത്രി വീട്ടിലെത്തിയ രാജ, കതകിൽ തട്ടി. എന്നാൽ ഏറെ നേരം കഴിഞ്ഞാണ് രാജു കതക് തുറന്ന് കൊടുത്തത്. ഇതേചൊല്ലിയായിരുന്നു ഇരുവരും വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടായത്. ഇടയ്ക്ക് കഴക്കൂട്ടം ജങ്ഷനിൽ തട്ടുകടയും പഴ കച്ചവടവും നടത്തിയിരുന്ന രാജു അടുത്ത കാലത്താണ് കയറ്റിറക്ക് യൂനിയനിൽ ചേർന്നത്.

കഴക്കൂട്ടം എഫ്.സി.ഐ. ഗോഡൗണിലെ ഓട്ടോസ്റ്റാന്ഡിലെ ഓട്ടോതൊഴിലാളിയായ പ്രതി രാജ. അടുത്ത കാലത്ത് കഴക്കൂട്ടം ജംഗ്‌ഷനിലെ ഓട്ടോസ്റ്റാന്റിലാണ് ഓട്ടോ ഓടിയിരുന്നത്. ഇയാൾ അവിവാഹിതനാണ്. സംഭവസ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം രാജുവിന്റെ മൃതദേഹം സംസ്കരിച്ചു.

Tags:    
News Summary - Man stabbed to death by brother following drunken fight in kazhakkoottam, Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.