അദ്വൈതാശ്രമത്തിന്റെ പേരിൽ പണപ്പിരിവിന് ശ്രമിച്ചയാൾ പിടിയിൽ

ആലുവ: ആലുവ അദ്വൈതാശ്രമത്തിന്റെ പേരിൽ അനധികൃത പണപ്പിരിവിന് ശ്രമച്ചയാളെ നാട്ടുകാർ പിടികൂടി. കളമശേരി ഗ്ലാസ് കോളനിയിൽ വാടകക്ക് താമസിക്കുന്ന ബംഗളൂരു സ്വദേശി ലക്ഷ്മണനെയാണ് വിടാക്കുഴയിൽനിന്നും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. അദ്വൈതാശ്രമത്തിൽ നിർധനരെ സഹായിക്കുന്നതിനായി പണം ശേഖരിക്കാനെത്തിയതാണെന്ന് പറഞ്ഞാണ് ഇയാൾ വിടാക്കുഴ മേഖലയിലെ വീടുകളിൽ പിരിവിന് ശ്രമിച്ചത്.

രസീതും നോട്ടീസുമൊന്നും കൈവശമില്ലാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ എസ്.എൻ.ഡി.പി യോഗം വിടാക്കുഴ ശാഖ കമ്മിറ്റി അംഗം കൂത്താട്ടുപറമ്പിൽ നന്ദനൻ ശാഖ സെക്രട്ടറി ശശികുമാർ മുഖേന അദ്വൈതാശ്രമവുമായി ബന്ധപ്പെട്ടു. പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ചതോടെ കളമശേരി പൊലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറി.

സംഭവമറിഞ്ഞ് പണം ആദ്യം നൽകിയ പെരുമ്പിള്ളി സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർ തിരിച്ചെത്തി പണം പ്രതിയിൽനിന്നും തിരികെ വാങ്ങി. അദ്വൈതാശ്രമം പരാതി നൽകാത്തതിനാൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പ്രതി പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്നും കളമശേരി പൊലീസ് പറഞ്ഞു. ബംഗളൂരു സ്വദേശിയുടെ മകനാണെങ്കിലും ഇയാൾ കേരളത്തിൽ ജനിച്ചുവളർന്നയാളാണ്.

അദ്വൈതാശ്രമത്തിന്റെ പേരിൽ പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. വിടാക്കുഴയിൽ പണപ്പിരിവിനിടെ പിടിയിലായ ആളുമായി അദ്വൈതാശ്രമത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - man who tried to collect money in the name of Aluva Adwaithasramam was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.