ചാരുംമൂട്: ലാസ്യതാളലയ വിന്യാസത്തിലൂടെ തബലയിൽ വിസ്മയം തീർത്ത കലാകാരൻ വരുമാനം വഴിമുട്ടിയപ്പോൾ കണ്ടെത്തിയത് ഭാഗ്യക്കുറി വിൽപന. കേരളത്തിലെ ഏറ്റവുംമികച്ച തബലിസ്റ്റുകളിൽ ഒരാളായ നൂറനാട് രാജനാണ് കലയിൽനിന്ന് ഭാഗ്യക്കുറി വിൽപനക്കിറങ്ങിയ കലാകാരൻ.
61കാരനായ ഈ കലാകാരെൻറ ജീവിതത്തിെൻറ താളംതെറ്റിച്ചത് കോവിഡ് സാഹചര്യമാണ്. കലാകാരന്മാരെ സംബന്ധിച്ച് ഉത്സവ സീസണായിരുന്നു പ്രധാന വരുമാനം. എല്ലാ പ്രതീക്ഷകളും കോവിഡ് കവർന്നെടുത്തപ്പോൾ ഒന്നു പതറിയെങ്കിലും പിന്നീട് പോരാടാൻ തീരുമാനിച്ചു. അങ്ങനെയാണ് ചാരുംമൂട് പാലത്തടത്തിൽ ജങ്ഷനിൽ തട്ട് നിർമിച്ച് ലോട്ടറി കച്ചവടം തുടങ്ങിയത്. ക്ഷേത്രങ്ങളിൽ സപ്താഹ പരിപാടിക്ക് തബല വായിച്ചുകിട്ടുന്ന വരുമാനംകൊണ്ടാണ് ജീവിതം മുേന്നാട്ടുപോയിരുന്നത്. എന്നാൽ, അതും മുടങ്ങിയതോടെയാണ് ഭാഗ്യക്കുറി കച്ചവടത്തിനിറങ്ങിയതെന്ന് രാജൻ പറയുന്നു.
പത്താംവയസ്സിലാണ് തബലയുമായി അരങ്ങത്തെത്തിയത്. രണ്ടുതവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബല വായനയിൽ ഒന്നാംസ്ഥാനം നേടിയ രാജൻ ആയിരക്കണക്കിന് വേദികളിൽ കാണികളെ കൈയിലെടുത്തു. കൊല്ലത്ത് കലാമണ്ഡലം വിഷ്ണു നമ്പൂതിരിയുടെ നൃത്ത സമിതിയിൽ 19വർഷം പ്രവർത്തിച്ചു. 1986ൽ പുറത്തിറങ്ങിയ 'എന്നിഷ്ടം നിന്നിഷ്ടം' ചിത്രത്തിലൂടെ സിനിമ പിന്നണി രംഗത്തേക്ക് എത്തി. അതേവർഷം തന്നെ പുറത്തിറങ്ങിയ 'കുറിഞ്ഞി പൂക്കുന്ന നേരത്ത്' സിനിമയിലും പ്രവർത്തിച്ച ഈ കലാകാരനെ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതെ പോയി.
നൂറനാട് ഗോപാലകൃഷ്ണൻ, വള്ളികുന്നം ഭരതൻ, പന്തളം ബാബു എന്നീ ഗുരുക്കന്മാരുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഇദ്ദേഹം. ആദ്യ ഗുരു പിതാവ് കറുത്തകുഞ്ഞായിരുന്നു. അദ്ദേഹം നൽകിയ പിന്തുണയാണ് തന്നെ ഈ രംഗത്ത് ഏറ്റവും പ്രചോദനമെന്നും രാജൻ പറയുന്നു.
നെയ്യാറ്റിൻകര വാസുദേവൻ, ചെങ്കോട്ട സുബ്രഹ്മണ്യ അയ്യർ, കണ്ണൂർ രാജൻ, കാവാലം ശ്രീകുമാർ, സംഗീത സംവിധായകൻ ശരത്, ആലപ്പി രംഗനാഥ്, അമ്പലപ്പുഴ ബ്രദേഴ്സ്, ഭാവന രാധാകൃഷ്ണൻ, ടി.എൻ. ശേഷകുമാർ, അരുന്ധതി ടീച്ചർ, അടൂർ സുദർശൻ തുടങ്ങി ഇന്ത്യയിലെ പ്രശസ്തരായ സംഗീത പ്രതിഭകളുടെ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരുകാലത്ത് രാജൻ.
എണ്ണിയാൽ തീരാത്തത്ര വേദികളിൽ തബല വായിച്ച ഇദ്ദേഹത്തിന് സ്വാതി തിരുനാൾ സംഗീതസഭ പുരസ്കാരം, സ്വാതി തിരുനാൾ സംഗീത കോളജ് പൂർവ വിദ്യാർഥി സംഘടനയുടെ ഹംസധ്വനി പുരസ്കാരമടക്കം നിരവധി അവാർഡുകളും ലഭിച്ചു. ചാരുംമൂട് പേരൂർക്കാരാണ്മ ശ്രുതിയിൽ ഭാര്യ മേരിക്കുട്ടിയുമായി ജീവിതത്തിെൻറ താളം മായ്ക്കാതെ തബലയിൽ വീണ്ടും പ്രതീക്ഷകൾ നെയ്യുകയാണ് രാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.