കള്ളനോട്ടുമായി പിടിയിലായ സഫീറിനൊപ്പം തിരൂരങ്ങാടി പൊലീസ്

മകളെയുംകൊണ്ട് മുങ്ങിയയാൾ കൊൽക്കത്തയിൽ പിടിയിലായി; തിരി​ച്ചെത്തിച്ചപ്പോൾ ബാഗിൽ നാലു ലക്ഷത്തിന്‍റെ കള്ളനോട്ട്

തിരൂരങ്ങാടി: 14 മാസം പ്രായമായ മകളെയുംകൊണ്ട് മുങ്ങിയ വെളിമുക്ക് പടിക്കൽ സ്വദേശി സഫീര്‍ തിരിച്ചെത്തിയത് ലക്ഷങ്ങളുടെ കള്ളനോട്ടുമായി. നാലു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടാണ് ഇയാളുടെ ബാഗില്‍നിന്ന് കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍നിന്ന് പൊലീസ് പിടികൂടിയത് മുതല്‍ സഫീറിന്റെ കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു കള്ളനോട്ട്. കുഞ്ഞിന്റെ ആഭരണങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന സംശയത്തിൽ ബാഗ് പരിശോധിച്ചപ്പോഴാണ് പൊലീസിന്റെപോലും കണ്ണുതള്ളിയ സംഭവം പുറത്തുവന്നത്.

ബാഗിലെ പ്രത്യേക അറയിലാണ് കള്ളനോട്ട് ഒളിപ്പിച്ചിരുന്നത്. തിരൂരങ്ങാടി എസ്.ബി.ഐ ശാഖ തുറപ്പിച്ച് പരിശോധന നടത്തിയാണ് കള്ളനോട്ടാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ സഫീറിനൊപ്പം പിടിയിലായ കാമുകിക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊല്‍ക്കത്തയിലെ ലോഡ്ജില്‍നിന്നാണ് സഫീർ, കാമുകി, സഫീറിന്റെ മകൾ, കാമുകിയുടെ കുഞ്ഞ് എന്നിവരെ തിരൂരങ്ങാടി പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ തിരൂരങ്ങാടിയിലെത്തിച്ച ഇവരുടെ ലഗേജുകള്‍ സ്റ്റേഷനിലെ ഒരു ഭാഗത്ത് സൂക്ഷിച്ചിരുന്നു. ഇതിനിടെയാണ് സഫീറിന്റെ മകളിൽനിന്ന് കവര്‍ന്ന സ്വര്‍ണം ബാഗില്‍ ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന സംശയമുണ്ടായത്. തുടർന്ന് സി.ഐ ശ്രീനിവാസന്‍ ബാഗ് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കള്ളനോട്ടുകള്‍ പിടികൂടിയത്. തുടർന്ന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സഫീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ അറിയിച്ചു.

സഫീറിന്റെ ബംഗാളി സ്വദേശിനിയായ കാമുകിയെയും കുഞ്ഞിയെയും തവനൂര്‍ സ്ത്രീസൗഹൃദ സെന്ററിലും സഫീറിന്റെ മകളെ ഉമ്മയുടെ കൂടെയും വിട്ടു.

Tags:    
News Summary - man who went exile with his daughter came back with a fake note of four lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.