കോഴിക്കോട്: ഷിരൂരിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ട അർജുന്റെ കുടുംബവും ലോറിയുടമ മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുൻകൈയെടുത്തത്. തുടർന്ന് അർജുന്റെ വീട്ടിലെത്തി മനാഫ് വീട്ടുകാരെ സന്ദര്‍ശിച്ചു.
കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൽ വാലി, സാജിദ് എന്നിവരും മനാഫിന് ഒപ്പമുണ്ടായിരുന്നു. അർജുന്റെ സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരി ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവരുമായി ഇവർ സംസാരിച്ചു.
തങ്ങൾ ഒരു കുടുംബമാണെന്നും കുടുംബത്തിൽ ചെറിയ പ്രശ്‌നങ്ങൾ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു. ഇപ്പോൾ എല്ലാം സംസാരിച്ച് തീർത്തെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്താ സമ്മേളനത്തിന് പിന്നാലെ ചർച്ചയായതെന്ന് ജിതിൻ പറഞ്ഞു. തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നതിൽ വിഷമമുണ്ടെന്നും ജിതിൻ സൂചിപ്പിച്ചു.
''തർക്കത്തിനൊടുവിൽ എല്ലാവരും സംഘിപ്പട്ടം ചാർത്തിത്തന്നു. ആ രീതിയിലേക്ക് ഒരുവിഭാഗം ആളുകൾ കാര്യങ്ങൾ വളച്ചൊടിച്ചു. ഉദ്ദേശിച്ച കാര്യവും ജനങ്ങളിലെത്തിയതും രണ്ടായിപ്പോയി.''-ജിതിൻ പറഞ്ഞു.
''ഈ വിഷയത്തിൽ തെറ്റിദ്ധാരണകളാണ് ഉണ്ടായിരിക്കുന്നതെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നു. അതെല്ലാം പറഞ്ഞുതീർത്തു. ഇവരുടെ പ്രശ്നങ്ങളെല്ലാം ഞാൻ മനസിലാക്കി. ഞങ്ങളൊരു കുടുംബമാണ്. ഒരു കുടുംബത്തിനുള്ളിൽ തന്നെ പല പ്രശ്നങ്ങളുമുണ്ടാകും. അതെല്ലാം ഇരുന്നു സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ. അത് സംഭവിച്ചു.''-മനാഫ് പറഞ്ഞു. എല്ലാം പറഞ്ഞുതീർത്ത് ഒരുമിച്ച് ഫോട്ടോയും എടുത്ത ശേഷമാണ് മനാഫും സംഘവും പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.