കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളി ലോറിയുടമ മനാഫ്. കുടുംബം ആരോപിക്കുന്നതുപോലെ അർജുന്റെ പേരിൽ ഒരു പൈസയും പിരിച്ചിട്ടില്ലെന്നും തെളിവുകൾ ഉണ്ടെങ്കിൽ കല്ലെറിഞ്ഞുകൊല്ലാൻ മാനാഞ്ചിറയിൽ വന്നുനിൽക്കാമെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. താൻ യൂട്യൂബ് ചാനല്‍ തുടങ്ങിയത് അർജുനെ കണ്ടെത്താനുള്ള ദൗത്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ്.
ആക്ഷൻ കമ്മിറ്റിയുടെ റോൾ എന്തായിരുന്നുവെന്ന ചോദ്യത്തിന്, ആക്ഷൻ കമ്മിറ്റി തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് പോയത്. അർജുന്റെ സഹോദരീഭർത്താവ് ജിതിനെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ, മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ തിരുവനന്തപുരം വരെ പോകേണ്ട കാര്യമില്ലെന്നുമാണ് ജിതിൻ പറഞ്ഞത്. മാധ്യമങ്ങൾ തനിക്ക് നൽകിയ ഹൈപ് കുടുംബത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്നും അതുകൊണ്ടാകാം ഇത്തരമൊരു പ്രതികരണമെന്നും മനാഫ് പറഞ്ഞു.
കുടുംബത്തോട് താൻ കളവാണ് പറയുന്നതെന്ന ആരോപണവും മനാഫ് നിഷേധിച്ചു. ഡ്രഡ്ജർ ലഭ്യമാക്കാൻ കഴിയില്ലെന്ന് കുടുംബത്തോട് പറഞ്ഞിട്ടില്ല. കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അത് ഇരുന്ന് സംസാരിച്ചാൽ തീരുമെന്നുമാണ് മനാഫ് പറയുന്നത്. കുടുംബം ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും കേട്ടിട്ടില്ലെന്നും കേട്ട വിവരങ്ങൾ നിഷേധിക്കുകയാണെന്നും മനാഫ് പറഞ്ഞു. താൻ ഒരു പി.ആർ വർക്കും ചെയ്തിട്ടില്ല. ഷിരൂരിലെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അതിൽ തെറ്റെന്താണെന്നും മനാഫ് ചോദിച്ചു. തന്റെ ലോറിക്ക് അർജുൻ എന്ന പേരുതന്നെ നൽകുമെന്നും അത് രജിസ്ട്രേഡ് പേരല്ലെന്നും തനിക്കെതിരെ എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും അർജുന്റെ കുടുംബത്തെ തള്ളിപ്പറയില്ലെന്നും മനാഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.