'യൂട്യൂബ് വരുമാനത്തിന്‍റെ ആവശ്യമില്ല; അർജുന്‍റെ കുടുംബത്തിന് ആവശ്യമായ എല്ലാ സമയത്തും ഒപ്പമുണ്ടാകും'

കോഴിക്കോട്: അർജുന്‍റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ലോറിയുടമ മനാഫ്. യൂട്യൂബ് ചാനലിൽ നിന്ന് വരുമാനമുണ്ടാക്കി ജീവിക്കേണ്ട ആവശ്യം തനിക്കില്ല. അർജുനെ തിരയുന്ന സമയത്ത് പറയാനുള്ള കാര്യങ്ങൾ ആരോടെങ്കിലും പറയാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അർജുന്‍റെ കുടുംബത്തിന്‍റെ ആരോപണത്തിന് പിറകിൽ ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തകരുണ്ടോ മറ്റേതെങ്കിലും ശക്തിയുണ്ടോ എന്നറിയില്ലെന്നും മനാഫ് പറഞ്ഞു.

അർജുന്‍റെ മോനെ ഏറ്റെടുക്കുക എന്ന് പറയുമ്പോൾ കുഞ്ഞിനെ അവരുടെ കൈയിൽ നിന്ന് ഏറ്റെടുക്കുകയല്ലല്ലോ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അർജുൻ ഇല്ലാ എന്നുള്ള തോന്നൽ വരാത്ത രീതിയിൽ ചെയ്തുകൊടുക്കുക എന്നാണ് ഉദ്ദേശിച്ചത്. അർജുന്‍റെ പേര് വാഹനത്തിന് ഇടുമെന്നതാണ് പ്രശ്നമെങ്കിൽ, അതൊരു ട്രേഡ്മാർക്ക് ഒന്നുമല്ലല്ലോ. പിതാവിന്‍റെ പേരിൽ അഭിമാനിക്കുന്നയാളാണ് ഞാൻ. അങ്ങനെയാണ് സ്ഥാപനത്തിന് സാഗർ കോയ ടിംബർ എന്ന പേര് വന്നത്. ആ പേര് മാറ്റി വാഹനത്തിന് അർജുൻ എന്ന പേരിടുമ്പോൾ എന്‍റെ ഒരു തൊഴിലാളിക്ക് ഞാൻ എത്ര വലിയ പ്രാധാന്യമാണ് കൊടുക്കുന്നത് എന്നുള്ളത് മനസ്സിലാക്കണം. അതിന് അർജുന്‍റെ വീട്ടുകാർക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് പറയാനാണ്. ഈ വിഷയത്തിൽ കൂടുതൽ വിവാദങ്ങൾക്കില്ല. അർജുന്‍റെ കുടുംബത്തിന് ആവശ്യമായ എല്ലാ സമയത്തും ഒപ്പമുണ്ടാകുമെന്നും മനാഫ് പറഞ്ഞു.

അർജുന്‍റെ പേരിൽ താൻ പണപ്പിരിവ് നടത്തിയിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ കല്ലെറിഞ്ഞു കൊല്ലാം. ലോറിക്ക് ‘അർജുൻ’ എന്നുതന്നെ പേര് നൽകും. എത്ര ക്രൂശിച്ചാലും താൻ ചെയ്തതൊന്നും ഇല്ലാതാകില്ലെന്നും മനാഫ് പറഞ്ഞു.

മനാഫിന്റെ പ്രവൃത്തികൾമൂലം കുടുംബത്തിനെതിരെ വലിയതോതിൽ സൈബർ ആക്രമണം നടക്കുകയാണെന്ന് അർജുന്‍റെ കുടുംബം ആരോപിച്ചിരുന്നു. മനാഫ് പല കോണിൽനിന്നും ഫണ്ട് സ്വരൂപിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരുരൂപ പോലും തങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കില്ലെന്നും കുടുംബം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മനാഫിന്റെ പ്രസ്താവനകളും പ്രവൃത്തികളും വൈകാരികതയെ ചൂഷണം ചെയ്യുന്നതാണ്. അർജുന്റെ മകനെ തന്റെ നാലാമത്തെ മകനായി വളർത്തും എന്ന മനാഫിന്റെ പ്രസ്താവന ഏറെ വിഷമമുണ്ടാക്കി. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയല്ലാതെ ഒരിക്കൽപോലും മനാഫ് തങ്ങളെ നേരിട്ട് വിളിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. 

Tags:    
News Summary - manaf responds to arjuns fmailys allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.