ആനയെ തേടി ദൗത്യസംഘം കാട്ടിൽ; സാഹചര്യം അനുയോജ്യമായാൽ മയക്കുവെടി

കൽപറ്റ: മാനന്തവാടി പടമലയിൽ ഒരാളെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വെക്കാനായി ദൗത്യസംഘം ബാവലിയിൽ വനത്തിൽ പ്രവേശിച്ചു. ചെമ്പകപ്പാറ വനമേഖലയിലുള്ള ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിലാണുള്ളത്. കുങ്കിയാനകളെയും വനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. അനുയോജ്യമായ സാഹചര്യം ലഭിച്ചാൽ മയക്കുവെടി വെക്കാനാണ് നീക്കം.  

അനുയോജ്യമായ പ്രദേശത്ത് ആന എത്തിയാൽ മാത്രമേ മയക്കുവെടി വെക്കാനാവൂ. മയങ്ങുന്ന ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് വേണം വാഹനത്തിലേക്ക് കയറ്റാൻ. ഇത്തരം സാഹചര്യങ്ങളെല്ലാം ഒരുങ്ങിയാൽ മാത്രമേ വനത്തിൽ വെച്ച് മയക്കുവെടി വെക്കാനാകൂ. വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം വനംവകുപ്പിനൊപ്പം തയാറായി നിൽക്കുകയാണ്.

നാല് കുങ്കിയാനകളെയാണ് ദൗത്യത്തിനായി എത്തിച്ചിരിക്കുന്നത്. നാല് വെറ്ററിനറി ഡോക്ടർമാരുമുണ്ട്. ബാവലി മേഖലയിലെ ആനപ്പാറയിൽ നിന്നാണ് ദൗത്യസംഘം വനത്തിനകത്ത് കയറിയത്. ആനയെ മയക്കുവെടി വെക്കാൻ ഇന്നലെ തന്നെ ഉത്തരവിട്ടിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് ആന വനമേഖലയിലേക്ക് മാറിയത്.

ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. ആന ആക്രമിക്കാൻ വന്നതോടെ അജീഷ് സമീപത്തെ വീട്ടുമതില്‍ ചാടിക്കടന്ന് മുറ്റത്തെത്തിയെങ്കിലും മതിൽ പൊളിച്ചെത്തിയ ആന ആക്രമിക്കുകയായിരുന്നു. തുടർന്ന്, അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാർ ശക്തമായ പ്രതിഷേധത്തിനിറങ്ങി. അധികൃതരുമായി നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരം സംബന്ധിച്ച് പ്രാഥമിക ധാരണയായതോടെയാണ് സമരം അവസാനിപ്പിച്ചത്.

അജീഷിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നൽകാനാണ് തീരുമാനം. അജീഷിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നൽകുന്നതിനായി സർക്കാർ തലത്തിൽ ശിപാർശ നൽകും. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും ചർച്ചയിൽ ധാരണയായിരുന്നു. 

Tags:    
News Summary - Mananthavady elephant attack Operation belur magna updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.