തിരുവനന്തപുരം: ‘മംഗളം’ ന്യൂസ് ചാനലിനെതിരായ ഹണി ട്രാപ് കേസിൽ നിരപരാധികളായ ജേണലിസ്റ്റുകളെയും പ്രതിചേർത്ത് ദ്രോഹിക്കാനുള്ള പൊലീസിെൻറ അമിതാവേശം സർക്കാറിെൻറ പ്രതിച്ഛായക്കുതന്നെ കളങ്കം ചാർത്തുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ പ്രസ്താവിച്ചു.ഇൗ സംഭവത്തിൽ ഒരു തരത്തിലുള്ള പങ്കും ഇല്ലാത്ത വാർത്ത വായനക്കാരിയായ യുവതിയെവരെ പൊലീസ് കഴിഞ്ഞ 48 മണിക്കൂറായി ബുദ്ധിമുട്ടിക്കുന്നു. ഇൗ ഫോൺകെണിയെപ്പറ്റി മുൻകൂട്ടി ഒരു അറിവും ഇല്ലാതിരുന്ന പല എഡിറ്റോറിയൽ ജേണലിസ്റ്റുകളെയും പ്രതികളാക്കിയിരിക്കുകയാണ്. ഇത് പൊലീസിെൻറ അനാവശ്യ തീരുമാനമാണ്. അധാർമികവുമാണ്. കേസിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തുനിയേണ്ടത്. എന്നാൽ, ഇപ്പോൾ നടക്കുന്ന പല നടപടികളും അസാധാരണമാണ്.
അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കുന്നതിലും പൊലീസ് വീഴ്ച വരുത്തി. അഭിഭാഷകർ തടയുമെന്ന ന്യായം പറഞ്ഞ് കോടതിയിൽ കൊണ്ടുപോകാതിരുന്നത് ശരിയായ നടപടിയല്ല. ഇത് സാമാന്യ നീതിനിഷേധമാണ്. മുഖ്യമന്ത്രി ഇക്കാര്യം പരിശോധിക്കണം.ഹണി ട്രാപ് സംഭവത്തിലെ ശരിയായ ഉത്തരവാദികൾക്കെതിരായ നിയമനടപടികളിൽ യൂനിയന് വിയോജിപ്പില്ല. ചാനൽ ചെയർമാനുൾപ്പെടെയുള്ളവരെ ഇൗ കേസിൽ പ്രതികളാക്കിയിട്ടുണ്ട്. മാധ്യമ ധാർമികതക്ക് തീരാകളങ്കം വരുത്തിയ യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെടണം എന്നത് കേരളത്തിലെ എല്ലാ മാധ്യമപ്രവർത്തകരുടെയും ആവശ്യമാണ്. അവരിൽ പത്രപ്രവർത്തക യൂനിയൻ അംഗങ്ങളുണ്ടെങ്കിൽ അവർക്കെതിരെ സംഘടന നടപടിയും സ്വീകരിക്കും.കൊച്ചിയിൽ മറൈൻ ഡ്രൈവിൽ ഉണ്ടായ ശിവസേന അതിക്രമത്തിൽ ഒരു മാധ്യമപ്രവർത്തകനെ പ്രതിചേർക്കാനുള്ള പൊലീസ് നീക്കം ഇത്തരം അമിതാവേശത്തിെൻറ ഭാഗമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.