എൻ.സി.പിയോട് സി.പി.എം മുന്നണി മര്യാദ പാലിച്ചില്ലെന്ന് പാലാ എം.എൽ.എ മാണി സി കാപ്പൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം ദേശീയ നേതൃത്വം കൈകൊള്ളും. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് കൂടുതൽ പറയാമെന്നും അദ്ദേഹം പറഞ്ഞു.
പാലാ സീറ്റു സംബന്ധിച്ച പ്രശ്നമല്ല ഉള്ളത്. ഞങ്ങളുടെ ക്രഡിബിലിറ്റിയുടെ പ്രശ്നമാണ്. ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ പാർട്ടിക്ക് നൽകുന്നതാണ് പ്രശ്നമെന്നും മാണി സി കാപ്പൻ പറഞ്ഞു. മുന്നണി മാറ്റം ഉറപ്പായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾക്ക് ഊഹിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
എൻ.സി.പി നേതാവ് പ്രഫുൽ പേട്ടലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പാലാ നൽകില്ലെന്നും കുട്ടനാട്ടിൽ മത്സരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് അറിയിച്ചിരുന്നു. ഇതോടെയാണ് മാണി സി. കാപ്പൻ, ടി.പി പീതാംബരൻ മാസ്റ്റർ എന്നിവരടക്കമുള്ളവർ ഇടത് മുന്നണി വിടാനുള്ള സാധ്യതയേറിയത്. അതേ സമയം എ.കെ ശശീന്ദ്രൻ വിഭാഗം ഇടത് മുന്നണിൽ തുടരാനാണ് സാധ്യത.
കെ.എം മാണിയുടെ മരണശേഷം 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജോസ് ടോമിനെ 2943 വോട്ടിനാണ് മാണി സി. കാപ്പൻ പരാജയപ്പെടുത്തിയത്. അന്ന് കേരള കോൺഗ്രസ് യു.ഡി.എഫിനൊപ്പമായിരുന്നു. മണ്ഡലത്തിൽ ദീർഘകാലമായി മത്സരിക്കുന്ന കാപ്പൻ തന്‍റെ വ്യക്തി ബന്ധങ്ങളുടെയും കോൺഗ്രസ് വോട്ടുകളുടെയും ബലത്തിൽ പാലായിൽ നിന്നും ജയിച്ചുകയറാമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.