ആദിവാസികളും ദലിതരും നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തിന്‍റെ ഏറ്റവും ലളിതമായ ഉദാഹരണം ചൂണ്ടിക്കാട്ടിയുള്ള യുവാവിന്‍റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പണിയ സമുദായത്തിൽ നിന്നുള്ള എം.ബി.എ ബിരുദധാരി വയനാട് സ്വദേശിയായ മണിക്കുട്ടൻ പണിയനാണ് ബസ് യാത്രക്കിടെയുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. താനുൾപ്പെടുന്ന ദലിത് വിഭാഗം നേരിടുന്ന അവഗണനക്കെതിരായി നിരന്തരം പ്രതിഷേധങ്ങളുയർത്തുന്നതാണ് മണിക്കുട്ടന്‍റെ കുറിപ്പുകൾ.
"ജാതി പറയില്ല ചെയ്ത് കാണിക്കാം"
ഞാനൊരു സ്ഥിരം ബസ് യാത്രക്കാരനാണ്.
കഴിഞ്ഞ ദിവസത്തെ യാത്രാമധ്യേ കണിയാമ്പറ്റ എന്ന സ്ഥലത്തു നിന്നും ജനറൽ വിഭാഗത്തിലെ ഒരമ്മയും കുഞ്ഞും 16 വയസുള്ള മകളും ബസ്സിൽ കയറി. തിരക്കുള്ള ബസ്സിൽ ഈ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ 3 പേർ ശ്രമിച്ചു. 2 സ്ത്രീകളും ഒരു പുരുഷനും. എനിക്ക് വളരെ സന്തോഷമായി...
അതിൽ ഒരാളുടെ സീറ്റിൽ 16 വയസുള്ള മകളെ ഇരുത്തി അമ്മ കുഞ്ഞിനെ മകളുടെ മടിയിൽ കൊടുത്തു. പച്ചിലക്കാട് എന്ന സ്ഥലത്തെത്തിയപ്പോൾ മകളുടെയും കുഞ്ഞിന്‍റെയും സീറ്റിനരികെ അമ്മക്ക് സീറ്റ് കിട്ടി. എരനല്ലൂർ എന്ന സ്റ്റോപ്പ് എത്തിയപ്പോൾ ഒരു ആദിവാസി വിഭാഗത്തിലെ ഒരു അമ്മ ഏകദേശം ഒന്നര വയസു പ്രായം തോന്നിക്കുന്ന കുഞ്ഞിനേയും കൊണ്ട് ബസ്സിൽ കയറി. ഇവരെ കണ്ടിട്ട് ആരും സീറ്റ് ഒഴിഞ്ഞു കൊടുത്തില്ലെന്നു മാത്രമല്ല, ആ അമ്മയും കുഞ്ഞും പോയി നിന്നത് ഞാൻ മുൻപേ പറഞ്ഞ കണിയാമ്പറ്റയിൽ നിന്നും കയറിയ കുടുംബത്തിന്‍റെ സീറ്റിനരികെ.
അവരാണെങ്കിലോ തല താഴ്ത്തി ഈ അവസ്ഥ കാണാത്തപോലെ ഇരിക്കുന്നു... അമ്മ മനസ്സ്...(BGM)
മറ്റുള്ളവർ "മാമനോടൊന്നും തോന്നല്ലേ മക്കളെ'' എന്ന് വിചാരിച്ചാവണം പുറംകാഴ്ചകൾ കണ്ട് ആസ്വദിക്കുന്നു, ചിലർ മൊബൈലില് തോണ്ടുന്നു, ചിലർ ഉറക്കം നടിക്കുന്നു, കണ്ടക്ടർ ബെല്ലടിക്കുന്ന തിരക്കിലും...
കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസ്സും തമ്മിലുള്ള മത്സരയോട്ടം കൂടി ആയപ്പോൾ ആ അമ്മയും കുഞ്ഞും പാറിപ്പറക്കുകയാണ് സുഹൃത്തുക്കളേ പാറിപ്പറക്കുകയാണ് (കയ്യടിക്കെടാ)
ഇതാണോ നിങ്ങളുടെ മതപാഠശാലകളിൽ പഠിപ്പിക്കുന്നത്?
സ്നേഹവും കരുതലും സഹവർത്തിത്വവും പഠിപ്പിക്കണം...
ഇന്നും ഞങ്ങൾ തീണ്ടാപ്പാടകലെ നിന്നാൽ മതിയെന്നതിനു മറ്റൊരു തെളിവ് കൂടി...
ഇവിടം ഇങ്ങനൊക്കെ കൂടിയാണ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.