മണിപ്പൂര്‍ വംശഹത്യ: ഫാഷിസത്തിനെതിരെ ഐക്യപ്പെടേണ്ടത് രാജ്യസ്‌നേഹികളുടെ ഉത്തരവാദിത്തം -എസ്.ഡി.പി.ഐ ജനസംഗമം

തിരുവല്ല: ഫാഷിസത്തിനെതിരെ ഐക്യപ്പെടേണ്ടത് രാജ്യസ്‌നേഹികളുടെ ഉത്തരവാദിത്തമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെ തിരുവല്ലയില്‍ സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസം രാജ്യത്തിന്റെ പൊതുശത്രുവാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നതാണ് മണിപ്പൂര്‍ കലാപം. 2002ലെ ഗുജറാത്ത് വംശഹത്യക്ക് സമാനമായ അക്രമങ്ങളാണ് മണിപ്പൂരിലും അരങ്ങേറുന്നത്.

160ലധികം പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തിലധികം പേര്‍ ഭവനരഹിതരാകുകയും പതിനായിരത്തിലധികം പേര്‍ അഭയാർഥികളാക്കപ്പെടുകയും മുന്നൂറിലധികം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ കുറ്റകരമായ മൗനമവലംബിക്കുകയാണ്. മണിപ്പൂരില്‍ സ്ത്രീകളും കുട്ടികളും നിലവിളിക്കുമ്പോള്‍ പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുകയാണ്. വംശഹത്യയിലും ഹിംസാത്മകതയിലും വിശ്വസിക്കുന്ന ഫാഷിസ്റ്റുകളില്‍നിന്ന് മനുഷ്യത്വവും നീതിയും പ്രതീക്ഷിക്കുന്നത് ബുദ്ധിശൂന്യതയാണ്. ഭരണഘടനയിലോ രാജ്യത്തിന്റെ മഹത്തായ പൈതൃകങ്ങളിലോ വിശ്വസിക്കുന്നവരല്ല സംഘ്പരിവാർ. രാജ്യത്തിന്റെ സര്‍വനാശത്തിനായി അധികാര ദുര്‍വിനിയോഗം നടത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാർ ഫാഷിസത്തിനെതിരെ രാജ്യസ്‌നേഹികള്‍ ഐക്യപ്പെടുന്നതിലൂടെ മാത്രമേ രാജ്യത്തെ തിരിച്ചുപിടിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, ഫാ. ജിപ്‌സണ്‍ ജോണ്‍ ദാസ്, വിനു ബേബി, പാസ്റ്റര്‍ പി.സി കുര്യന്‍, പാസ്റ്റര്‍ എബ്രഹാം ചെറിയാന്‍, അഡ്വ. സിമി എം. ജേക്കബ്, അന്‍സാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം, വി.എം ഫൈസല്‍, ജോര്‍ജ് മുണ്ടക്കയം, എം.എം താഹിര്‍, പി.എം അഹമ്മദ്, എസ്. മുഹമ്മദ് അനീഷ് എന്നിവർ സംസാരിച്ചു. ജനസംഗമത്തിന് മുന്നോടിയായി രാമന്‍ചിറ ബൈപാസ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മുനിസിപ്പല്‍ ഓപണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു.

Tags:    
News Summary - Manipur Genocide: Patriots' Responsibility to Unite Against Fascism -SDPI Jana Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.