മഞ്ചേരി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗവ.മെഡിക്കൽ കോളജ് ആശുപത്രിക്ക് ലഭിച്ച അത്യാധുനിക 128 സ്ലൈസ് സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിൽ. വൈദ്യുതി നൽകാനാവില്ലെന്ന മെഡിക്കൽ കോളജ് അധികൃതരുടെ നിലപാടാണ് തിരിച്ചടിയായത്.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) നേതൃത്വത്തിലാണ് പുതിയ യന്ത്രം സ്ഥാപിക്കുന്നത്. 12 വർഷം ഒ.പി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന സൊസൈറ്റിയുടെ സ്കാനിങ് യൂനിറ്റിന് വൈദ്യുതി നൽകിയത് ആശുപത്രിയിൽ നിന്നായിരുന്നു. ഇത് ഇനി തുടരാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ നിന്ന് ആശുപത്രിക്ക് വരുമാനം ലഭിക്കുന്നില്ലെന്നതാണ് ഇതിന് കാരണം. കെ.എച്ച്.ആർ.ഡബ്ലിയു.എസ് രോഗികളിൽ നിന്ന് പണം ഈടാക്കുന്നുണ്ട്.
എന്നാൽ ഇതിൽ നിന്ന് ആശുപത്രിക്ക് ഗുണം ലഭിക്കുന്നുമില്ല. ആശുപത്രിയിൽ നിന്ന് ഇനി വൈദ്യുതി നൽകാനാകില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം എൻജിനീയർ വ്യക്തമാക്കി. വിഷയം സൊസൈറ്റി അധികൃതർ ചെയർപേഴ്സനായ മന്ത്രി വീണ ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ചർച്ചയിലൂടെ പരിഹരിക്കാനാണ് നിർദേശമെന്നും ഇതേ തുടർന്ന് യോഗം വിളിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ടെന്നും കെ.എച്ച്.ആർ.ഡബ്ലിയു.എസ് എം.ഡി പി.കെ. സുധീർ ബാബു പറഞ്ഞു. എന്നാൽ, യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്ത് ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ.ഗീത പറഞ്ഞു. പുതിയ യന്ത്രം സ്ഥാപിച്ചാൽ കാർഡിയാക് സി.ടി, രക്തക്കുഴലുകളുടെ സ്കാനിങ്, ലിവർ സി.ടി വിത്ത് സെഗ്മന്റ് ഡിറ്റക്ഷൻ, ലങ് കാൻസർ നൊഡ്യൂൾ ഡിറ്റക്ഷൻ മുതലായ അത്യാധുനിക സ്കാനിങ് പ്രോട്ടോകോളുകൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ സാധിക്കും. സി.ടി സ്കാനിങിന് എത്തുന്ന രോഗികളെ റഫർ ചെയ്യുന്നതും ഒഴിവാക്കാനാകും. നാല് കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. 2010ലാണ് കോടി രൂപയോളം ചെലവഴിച്ച് സ്കാനിങ് യന്ത്രം സ്ഥാപിച്ചത്. യന്ത്രത്തിന്റെ പ്രധാന ഭാഗമായ പിക്ചർ ട്യൂബ് തകരാറിലായതായിരുന്നു യന്ത്രം പണിമുടക്കാൻ കാരണം.
ആശുപത്രി അധികൃതരാണ് അത്യാധുനിക സംവിധാനങ്ങളുള്ള സി.ടി സ്കാൻ യന്ത്രം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് കെ.എച്ച്.ആർ.ഡബ്ല്യു.എസ് അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.