കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ മൂന്നുപേർ കോടതിയിൽ രഹസ്യമൊഴി നൽകി. ബി.എസ്.പി സ്ഥാനാർഥിയായി നൽകിയ നാമനിർദേശ പത്രിക പിൻവലിക്കാൻ ബി.ജെ.പിയിൽനിന്ന് കെ. സുരേന്ദ്രൻ നിർദേശിച്ചതുവഴി രണ്ടരലക്ഷം രൂപ വാങ്ങിയെന്ന് ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയ കെ. സുന്ദര, രണ്ടര ലക്ഷംരൂപയിൽ നിന്നും ഒരുലക്ഷം രൂപ കെ. സുന്ദര സൂക്ഷിക്കാൻ കൈമാറിയ ഉദയകുമാർ, ഉദയകുമാറിെൻറ ഭാര്യ ജയലക്ഷ്മി എന്നിവരാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു മുമ്പാകെ രഹസ്യമൊഴി നൽകിയത്. പത്രിക പിൻവലിക്കാൻ കെ. സുരേന്ദ്രൻ 15 ലക്ഷം രൂപ വാഗ്ദാനം നൽകിയതും അതിൽ രണ്ടര ലക്ഷം കൈമാറിയെന്നുമുള്ള സുന്ദരയുടെ മൊഴി ചോർന്നിരുന്നു.
ഈ മൊഴിയിലും പിന്നീട് ഇതിെൻറ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിലും ഉറച്ചുനിന്നതായി കെ. സുന്ദര പിന്നീട് പറഞ്ഞു. താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളിലെല്ലാം കോടതിയിലും ഉറച്ചുനിന്നതായി സുന്ദര പറഞ്ഞു. രഹസ്യമൊഴിയെടുക്കൽ ഇന്നും തുടരും. ഇന്ന് സുന്ദരയുടെ അമ്മ ബേഡ്ച്ചി, മകെൻറ ഭാര്യ അനുശ്രീ എന്നിവരിൽ നിന്നും മൊഴിയെടുക്കും. മഞ്ചേശ്വരം കൈക്കൂലി കേസിൽ കെ. സുന്ദരയിൽനിന്ന് കോടതി രഹസ്യമൊഴിയെടുത്തതോടെ കേസ് നിർണായകമായി.
ഇതോടെ കെ. സുന്ദര ഇതുവരെ കെ. സുരേന്ദ്രനെതിരെ ഉന്നയിച്ച ആരോപണം 164 വകുപ്പനുസരിച്ചുള്ള രഹസ്യമൊഴി പ്രകാരം തെളിവായി കോടതി സ്വീകരിക്കും. ഇത് പിന്നീട് തിരുത്താൻ കഴിയില്ല എന്നതും രഹസ്യമൊഴിയുടെ പ്രത്യേകതയാണ്. ഇന്നത്തെ രഹസ്യമൊഴിയെടുപ്പും കഴിയുന്നതോടെ കേസ് കൂടുതൽ ഗൗരവത്തിേലക്ക് പോകും. തന്നെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പണം നൽകിയെന്നാണ് കെ. സുന്ദര ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ കേസിൽ കെ. സുരേന്ദ്രനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നാണ് സൂചന. തട്ടിക്കൊണ്ടുപോകലും തടങ്കലിൽ പാർപ്പിക്കുന്നതും പത്രിക പിൻവലിക്കാൻ കൈക്കൂലി നൽകുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.