ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിനിമയായിരുന്നു സംവിധായകൻ കമലിന്റെ ‘ആമി’ എന്ന സിനിമ. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതമായിരുന്നു സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. സിനിമ മാധവിക്കുട്ടിയോട് നീതി പുലർത്തിയില്ല എന്ന രീതിയിലുള്ള അഭിപ്രായങ്ങൾ ഒക്കെ അന്നുതന്നെ ഉയർന്നിരുന്നു. മാധവിക്കുട്ടിയായി ആദ്യം അഭിനയിക്കാൻ തീരുമാനിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാബാലനെ ആയിരുന്നു. എന്നാൽ, പിന്നീട് സംഘ്പരിവാർ സംഘടനകൾ സിനിമക്കെതിരെ പോർവിളി ഉയർത്തിയതിനെ തുടർന്ന് അവർ അതിൽനിന്നും പിൻമാറുകയായിരുന്നു. ശേഷമാണ് മഞ്ജുവാര്യർ സിനിമയിലേക്ക് എത്തുന്നത്. സിനിമ സംബന്ധിച്ചും സമകാലിക വിഷയങ്ങൾ സംബന്ധിച്ചും ‘മീഡിയ വൺ’ ചാനലിനോടാണ് സംവിധായകൻ കമൽ മനസുതുറന്നത്.
മാധവിക്കുട്ടിയോടുള്ള ഇഷ്ടമാണ് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാൻ എന്നെ പ്രേരിപ്പിച്ചത്. വിദ്യാബാലനെ ആയിരുന്നു ആമിയായി കാസ്റ്റ് ചെയ്തിരുന്നത്. ഷൂട്ടിങിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വിദ്യാബാലൻ അതിൽ നിന്നു പിന്മാറുന്നത്. അപ്പോഴേക്കും നിർമാതാവ് ഒരുപാട് പണം ആ സിനിമക്ക് വേണ്ടി മുടക്കിയിരുന്നു. ഷൂട്ട് പെട്ടെന്ന് തുടങ്ങുകയും വേണം. ആ സമയത്ത് ആര് അഭിനയിക്കും എന്ന ടെൻഷനിൽ നിൽക്കുമ്പോൾ പ്രൊഡ്യൂസറിന്‍റെ നിർബന്ധത്തിന്‍റെ ഭാഗമായാണ് മഞ്ജു വാര്യരിലേക്കെത്തുന്നത്. എനിക്ക് ഏറ്റവും അടുപ്പമുള്ള നായികയായിരുന്നു മഞ്ജു. പക്ഷേ എനിക്കൊരിക്കലും മഞ്ജുവിനെ ആമിയായി സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. ഞാനത് മഞ്ജുവിനോട് പറയുകയും ചെയ്തിരുന്നു. സിനിമയുടെ കഥ വായിച്ചപ്പോൾ മഞ്ജുവിനൊരിക്കലും മാധവിക്കുട്ടിയാകാൻ കഴിയില്ലെന്ന ഭയവും ഉണ്ടായിരുന്നു.
പക്ഷേ ഏതോ ഒരു നിമിഷത്തിൽ മഞ്ജു തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. അന്യ ഭാഷയിൽ നിന്നൊരു നടിയെ കൊണ്ടുവന്ന് മാധവിക്കുട്ടി ആരാണെന്നറിയാതെ അഭിനയിപ്പിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. വിദ്യാബാലന് മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ കൊടുക്കുകയും അവരത് വായിക്കുകയും ചെയ്തിരുന്നു. അവർ മാധവിക്കുട്ടിയെക്കുറിച്ച് നന്നായി പഠിച്ചിരുന്നു. നല്ലൊരു അഭിനയേത്രി ആയതുകൊണ്ടു തന്നെ അവർക്ക് ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു. മറ്റൊരാൾക്കത് കഴിയില്ലെന്ന് തോന്നിയതുകൊണ്ടാണ് മഞ്ജുവിലേക്ക് എത്തുന്നത്.
മിസ് കാസ്റ്റ് തോന്നുന്നതിൽ എനിക്കൊന്നും പറയാനില്ല. മേക്കപ്പിലൊക്കെ കുറേ അപാകത ഉണ്ടായിരുന്നു. അത് എന്റെ പരിമിതിയാണ്. അത് വീഴ്ചയായി ഞാൻ അംഗീകരിക്കുന്നു. അതിലുമപ്പുറത്തൊരു മിസ് കാസ്റ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പലരുടെയും ഭാവനയിലുള്ള മാധവിക്കുട്ടിയെ സ്‌ക്രീനിൽ കാണാത്തപ്പോഴുള്ള നിരാശയിലാണ് അത്തരം അഭിപ്രായങ്ങൾ ഉണ്ടാകുന്നത്.
വിദ്യാബാലന് ഇക്കാര്യത്തിൽ അവരുടേതായ ന്യായീകരണം ഉണ്ടാകാം, അവരിതുവരെ അതെന്നോട് പറഞ്ഞിട്ടില്ല. ഞാൻ അവരോട് ചോദിച്ചിരുന്നു. അപ്പോഴൊക്കെ അവരെന്നോട് പറഞ്ഞത് തിരക്കഥ ആദ്യം എനിക്ക് ഓക്കെയായി തോന്നി പിന്നീട് അവർക്കത് വർക്കായില്ലെന്നൊക്കെയാണ്. അവർ പിന്മാറാനുള്ള കാരണം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സംഘപരിവാർ എതിർപ്പ് ഞാനിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ഞാൻ അക്കാദമി ചെയർമാൻ ആയിരിക്കുന്ന കാലത്ത് പല രീതിയിലും ഒരുപാട് ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ ഞാനെടുക്കുന്ന നിലപാടുകളുടെ ഭാഗമായാണ് ഞാനതിനെ കാണുന്നത്. അതൊക്കെ ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്‍റെ ശരിയാണ് എന്‍റെ നിലപാടുകൾ. അതിലെന്നും ഉറച്ചു നിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.