തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമെന്ന മോഹവുമായി കേരളത്തിൽനിന്ന് യു.കെയിലെത്തുന്നവരിൽ നിരവധി പേർ വൃദ്ധസദനങ്ങളിലെ ജോലികളിൽ കുടുങ്ങുന്നെന്ന് കേംബ്രിജ് മേയറായ മലയാളി ബൈജു വർക്കി തിട്ടാല. പ്രസ്ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏജന്റുമാരുടെയും മറ്റും തട്ടിപ്പിനിരയായി വേണ്ടത്ര പരിശോധനകളില്ലാതെയാണ് പലരും യു.കെയിൽ ഇത്തരം ജോലികളിൽ പ്രവേശിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവർ പോലും കെയർ ഹോമുകളിലെ ജോലിയിൽ കുടുങ്ങി ജീവിതത്തിൽ ഉയർച്ചയില്ലാതായി പോകുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ വംശീയമായും മറ്റുമുള്ള പ്രകോപനങ്ങളും അക്രമങ്ങളും നിലവിലുണ്ടെങ്കിലും അതിനെതിരെ ശക്തമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും ബൈജു തിട്ടാല പറഞ്ഞു. കോട്ടയം ആർപ്പൂക്കര തിട്ടാല പാപ്പച്ചൻ- ആലിസ് ദമ്പതികളുടെ മകനായ ബൈജു കഴിഞ്ഞ മേയിലാണ് കേംബ്രിജ് സിറ്റി കൗൺസിൽ മേയറായി ചുമതലയേറ്റത്.
ഒരു വർഷത്തേക്കാണ് കാലാവധി. ലേബർ പാർട്ടി അംഗമായ ഇദ്ദേഹം നേരത്തേ ഡെപ്യൂട്ടി മേയറായിരുന്നു. കേംബ്രിജിൽ നഴ്സിങ് ഹോം മാനേജറായ ആൻസിയാണ് ഭാര്യ. മക്കൾ: വിദ്യാർഥികളായ അന്ന, അലൻ, അൽഫോൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.