കോഴിക്കോട്: കണ്ണൂർ ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോവാദി അനുകൂല നോട്ടീസ് വിതരണം ചെയ്‌തെന്ന കേസില്‍നിന്ന് കോഴിക്കോട് ബാലുശ്ശേരി സ്വദേശി കെ.പി. നദീറിനെ ഒഴിവാക്കി. നേരത്തെ പൊലീസ് നദീറിനെ പ്രതിയാക്കി യു.എ.പി.എ ചുമത്തിയിരുന്നു.
എന്നാൽ, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാണ് ആഭ്യന്തര സുരക്ഷ വിഭാഗം ഡിവൈ.എസ്.പി പി. രഞ്ജിത്ത് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അേന്വഷണ ഉദ്യോഗസ്ഥൻ നദീറിന് നല്‍കിയ വിവരാവകാശ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കി.
നദീറിനെ പ്രതിയാക്കിയതിനെതിരെ വിമർശനമുയർന്നിരുന്നു. പൊലീസ് മനഃപൂർവം കുടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഇതെല്ലാം ശരിവെക്കുന്നതാണ് കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയ നടപടി.
2016 മാര്‍ച്ച് മൂന്നിന് തോക്കുധാരികളായ മാവോവാദി സംഘം ആറളം ഫാമിലെത്തി മാവോവാദി പ്രസിദ്ധീകരണമായ ‘കാട്ടുതീ’യും നോട്ടീസും വിതരണം ചെയ്‌തെന്നും ആദിവാസികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് 148/16 ക്രൈം നമ്പറായി ആറളം പൊലീസ് രജിസ്റ്റർ െചയ്ത കേസ്.
സുന്ദരി, കന്യാകുമാരി, സി.പി. മൊയ്തീന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കോളനിയില്‍ എത്തിയതെന്നും ഇവര്‍ക്കൊപ്പം നദീറുണ്ടായിരുന്നെന്നും പ്രദേശവാസികള്‍ ഇയാളെ തിരിച്ചറിഞ്ഞെന്നും ആദ്യഘട്ടത്തില്‍ പൊലീസ് പറഞ്ഞു. പിന്നീട് യു.എ.പി.എ ചുമത്തിയതോടെ, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നദീര്‍ ഹൈകോടതിയില്‍ ഹരജിനൽകി. കേസ് പരിഗണിച്ച സിംഗ്ൾ ബെഞ്ച്, അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തീകരിച്ച് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാൻ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.