നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ ക്ലാസെടുക്കുന്ന ദൃശ്യം പുറത്ത്

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ ക്ളാസെടുക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മാവോവാദി നേതാക്കളായ വിക്രം ഗൗഡ, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ് എന്നിവര്‍ ക്ളാസെടുക്കുന്നതിന്‍െറ ഏതാനും മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസ് ചാനലുകളിലൂടെ പുറത്തുവിട്ടത്. വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച പെന്‍ഡ്രൈവില്‍ നിന്നോ മറ്റോ ആകാം ദൃശ്യങ്ങള്‍ ലഭിച്ചതെന്നാണ് കരുതുന്നത്.

സി.പി.ഐ മാവോയിസ്റ്റ് സ്ഥാപക ദിനാഘോഷത്തില്‍ മൊബൈല്‍ ഫോണ്‍ കാമറയില്‍ ചിത്രീകരിച്ചതാകാം ദൃശ്യങ്ങളെന്നും സൂചനയുണ്ട്. കുപ്പു ദേവരാജിന്‍െറ പ്രസംഗവും ദൃശ്യങ്ങളിലുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കാന്‍ പദ്ധതിയിട്ടിരുന്നതായി തെളിവ് ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ആയുധമേന്തിയ മാവോവാദികള്‍ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളും ഇതിലുള്ളതായി അറിയുന്നു.

കുപ്പു ദേവരാജിന്‍േറതെന്ന് കരുതുന്ന വാക്കുകളും ഇതിലുണ്ട്. ആദിവാസി ഊരുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പുതിയ പദ്ധതികള്‍ നടപ്പാക്കണമെന്നും കുപ്പു ദേവരാജ് അനുയായികളോട് പറയുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ഭരണഘടനയെയും സര്‍ക്കാറിനെയും അംഗീകരിക്കില്ളെന്നും സായുധസമരം മുന്നോട്ട് കൊണ്ടുപോകുമെന്നും വ്യക്തമാക്കുന്നുണ്ടത്രെ. പരിശീലനത്തില്‍ മൂന്ന് ആദിവാസികളും പങ്കെടുത്തതായി പറയുന്നു. എന്നാല്‍, സുരക്ഷാകാരണങ്ങളാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മാവോവാദികള്‍ പൊലീസിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

 

Tags:    
News Summary - maoist attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.