എടക്കര: ‘‘കാട്ടില്‍ കുറുന്തോട്ടി പറിക്കുകയായിരുന്നു ഞങ്ങള്‍. പെട്ടെന്ന് വെടിയൊച്ച കേട്ടു. ആദ്യം കാര്യമാക്കിയില്ല. കാട്ടാനകളെ തുരത്താന്‍ പടക്കം പൊട്ടിച്ചതാണെന്നാണ് കരുതിയത്. പിന്നെയും കുറേ ഒച്ച കേട്ടപ്പോള്‍ പേടിച്ചു. പറിച്ചതെല്ലാം അവിടെയിട്ട് മക്കളെയും കൂട്ടി ജീവനുംകൊണ്ടോടി’’ -പരിഭ്രാന്തിയില്‍നിന്ന് ഇനിയും മുക്തരായിട്ടില്ല, കീരനും ഭാര്യ മാതിയും മക്കളും. പൂളക്കപ്പാറയില്‍ വനം ഒൗട്ട്പോസ്റ്റിനോട് ചേര്‍ന്നാണ് അറനാടന്‍ ആദിവാസി വിഭാഗത്തില്‍പെട്ട ഈ കുടുംബം താമസിക്കുന്നത്.
ഇവിടെ ഇവര്‍ മാത്രമാണ് താമസക്കാരായുള്ളത്. വ്യാഴാഴ്ച രാവിലെയാണ് വിറകും ഒൗഷധവള്ളികളും ശേഖരിക്കാന്‍ കീരനും ഭാര്യ മാതിയും മക്കളെയും കൂട്ടി കാട് കയറിയത്. മക്കളായ മഹേഷ് നാലാം ക്ളാസിലും മനോജ് ആറാം ക്ളാസിലും പഠിക്കുകയാണ്. ‘‘വ്യാഴാഴ്ച കുട്ടികള്‍ സ്കൂളില്‍ പോയില്ല. അതിനാലാണ് മക്കളെയും കൂട്ടിയത്. പതിനൊന്നരയോടെയാണ് വെടിയൊച്ച കേട്ടത്. അടുത്ത് തന്നെയാണെന്ന് മനസ്സിലായി.
ഓടുന്ന വഴിക്ക് കുറേ നേരം വെടിയൊച്ച കേട്ടു. നേരെ വനം വകുപ്പിന്‍െറ ഒൗട്ട് പോസ്റ്റില്‍ പോയി കാര്യങ്ങള്‍ പറഞ്ഞു. അവര്‍ അപ്പോഴാണറിയുന്നത്’’- കീരന്‍ പറയുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍ പലപ്പോഴായി മാവോവാദികളെ കണ്ടിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ആരും തങ്ങളുടെ അടുത്തേക്ക് വരാത്തതുകൊണ്ടും ഉപദ്രവിക്കാത്തതുകൊണ്ടും പേടി തോന്നിയിട്ടില്ളെന്നും ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.