മാവേലിക്കരയിലെ മാവോവാദി യോഗം: വിചാരണ അന്തിമഘട്ടത്തിലേക്ക്

കൊച്ചി: മാവേലിക്കരയില്‍ മാവോവാദി യോഗം നടത്തിയെന്ന കേസിന്‍െറ വിചാരണ അന്തിമഘട്ടത്തിലേക്ക്. മാവേലിക്കര മാങ്കാംകുഴി കരിവേലില്‍ രാജേഷ് ഭവനത്തില്‍ രാജേഷ് (37), കല്‍പാക്കം ഇന്ദിര ഗാന്ധി അറ്റോമിക് റിസര്‍ച് സെന്‍ററിലെ റിട്ട. സയന്‍റിസ്റ്റ് ചെന്നൈ രാജാക്കില്‍പാക്കം ഗോപാല്‍ (55), കൊല്ലം കൈപ്പുഴ ദേവരാജന്‍ (53), ചിറയിന്‍കീഴ് ഞാറയില്‍ക്കോണം ചരുവിള ബാഹുലേയന്‍ (53), മൂവാറ്റുപുഴ സ്വദേശി അജയന്‍ മണ്ണൂര്‍ എന്നിവര്‍ പ്രതികളായ കേസിലാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ വിചാരണ നടക്കുന്നത്.
സാക്ഷിവിസ്താരം പൂര്‍ത്തിയായ കേസില്‍ വെള്ളിയാഴ്ച പ്രതികളെ കോടതി ചോദ്യംചെയ്തു.

ഇതും പൂര്‍ത്തിയാക്കി വാദംകേള്‍ക്കലിന് കേസ് ഡിസംബര്‍ ആറിലേക്ക് മാറ്റി. 2012 ഡിസംബര്‍ 29നാണ് മാവേലിക്കര ചെറുമഠം ലോഡ്ജില്‍ മാവോവാദി അനുകൂല യോഗം നടത്തിയെന്നാരോപിച്ച് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. മാവോവാദി അനുകൂലികളായ റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് (ആര്‍.ഡി.എഫ്) തങ്ങളുടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും എത്തിക്കുന്നതിന്‍െറ ഭാഗമായാണ് രഹസ്യയോഗം നടത്തിയതെന്നാണ് എന്‍.ഐ.എയുടെ ആരോപണം. വിദ്യാര്‍ഥി സംഘടന ആവശ്യമാണെന്ന് മനസ്സിലാക്കിയ നേതാക്കള്‍ മറ്റുപ്രവര്‍ത്തകരെയും അനുകൂലികളെയും വിളിച്ചുവരുത്തുകയായിരുന്നത്രേ.

എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്ന നിരോധിത തീവ്രവാദ സംഘടനയായ സി.പി.ഐ-മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുകയായിരുന്നു ഈ പ്രവര്‍ത്തനത്തിലൂടെ പ്രതികള്‍ ലക്ഷ്യംവെച്ചതെന്നാണ് കുറ്റപത്രത്തിലെ ആരോപണം. ഗൂഢാലോചന, രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 10, 13, 38, 39 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

രേഖകള്‍ പരാതിക്കാര്‍ക്ക് നല്‍കാന്‍ ഉത്തരവ് പൊതുജനങ്ങളുമായി പങ്കുവെക്കാന്‍ പാടില്ല

 നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോവാദികള്‍ വെടിയേറ്റ് മരിച്ചത് സംബന്ധിച്ച കേസ് രേഖകള്‍ പരാതിക്കാര്‍ക്ക് നല്‍കാന്‍ മഞ്ചേരി ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ്. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ശ്രീധരന്‍ നല്‍കിയ ഹരജിയിലാണിത്.

കേസില്‍ യു.എ.പി.എ (നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം) ചുമത്തിയതിനാല്‍ സെക്ഷന്‍ 44 പ്രകാരം സാക്ഷികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ളെന്നും ഇതിനാല്‍ രേഖകള്‍ നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സാക്ഷികളുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ രേഖകളുടെ പകര്‍പ്പ് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

എഫ്.ഐ.ആര്‍, എഫ് വണ്‍ സ്റ്റേറ്റ്മെന്‍റ്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, സീന്‍ മഹസര്‍, വീഡിയോഗ്രാഫ്, കൊല്ലപ്പെട്ട അജിതയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തുടങ്ങിയവയാണ് നല്‍കേണ്ടത്. അതേസമയം, ഈ രേഖകള്‍ മാധ്യമങ്ങള്‍ വഴിയോ മറ്റോ പൊതുജനങ്ങളുമായി പങ്കുവെക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. രണ്ടാമതും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് കുപ്പു ദേവരാജിന്‍െറ സഹോദരന്‍ നല്‍കിയ ഹരജിയില്‍ അഞ്ചിന് വാദം കേള്‍ക്കും. 

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.