കുപ്പു ദേവരാജിന്‍െറ സഹോദരനു നേരെ കൈയേറ്റം; അസി. കമീഷണര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി

കോഴിക്കോട്: നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍െറ സഹോദരനെ കൈയേറ്റം ചെയ്ത അസി. പൊലീസ് കമീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകനായ മനോജ് കേദാരം പരാതി നല്‍കി. ഡിസംബര്‍ ഒമ്പതിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ കുപ്പു ദേവരാജിന്‍െറ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കത്തിനിടയിലാണ് കോഴിക്കോട് സിറ്റി രഹസ്യാന്വേഷണ വിഭാഗം എ.സി.പി പ്രേംദാസ് കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ശ്രീധറിന്‍െറ ഷര്‍ട്ടിന്‍െറ കോളറില്‍ പിടിച്ച് കൈയേറ്റം ചെയ്തത്.

ഇദ്ദേഹത്തിന്‍െറ നടപടി പൊലീസ് മാന്വല്‍, കേരള പൊലീസ് ആക്ട്, പൊലീസ് മേധാവിയുടെ വിവിധ സര്‍ക്കുലറുകള്‍ എന്നിവയുടെ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒൗദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ യൂനിഫോം, ബാഡ്ജ്, തിരിച്ചറിയല്‍ രേഖ എന്നിവയില്‍ ഏതെങ്കിലും ധരിച്ചിരിക്കണമെന്ന നിര്‍ദേശം ഉദ്യോഗസ്ഥന്‍ പാലിച്ചിട്ടില്ളെന്ന് പൊലീസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉദ്ധരിച്ച് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

മുകളില്‍ പറഞ്ഞ തരത്തിലുള്ള ഒൗദ്യോഗിക അടയാളങ്ങളില്ലാതെയാണ് ക്രമസമാധാന പാലനത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍, സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം. ഇദ്ദേഹം ഇത്തരത്തില്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തര്‍ക്കം നിലനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലെ ക്രമസമാധാന പാലനം സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ജില്ല മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തണമെന്ന പൊലീസ് ആക്ടിലെ എട്ടാം വകുപ്പ് പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാന പാലനത്തില്‍ ഏര്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് ആക്ട് 81 (2) വകുപ്പ് പ്രകാരം സ്ഥാപിത ആചാരങ്ങള്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് നിര്‍ദേശമുണ്ട്.

ഈ നിര്‍ദേശം ലംഘിച്ചാണ് അസി. കമീഷണര്‍ പ്രേംദാസ് സംസ്കാര ചടങ്ങിനിടയില്‍ സഹോദരനെ കൈയേറ്റം ചെയ്തതെന്നും മൃതദേഹത്തോടും ബന്ധുക്കളോടുമുള്ള അനാദരവാണ് ഇതിലൂടെ വെളിവാകുന്നതെന്നും നടപടികള്‍ പൊലീസ് ആക്ട് 33 (1) പ്രകാരം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ സംഘടനയായ പബ്ളിക് ഇന്‍ററസ്റ്റ് ഫസ്റ്റിന്‍െറ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമാണ് പരാതിക്കാരനായ മനോജ് കേദാരം.

 

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.