സോമന്‍ നാടുകാണി ദളം അധ്യക്ഷന്‍; ചിതറിയോടിയവരില്‍ ഇയാളുമുണ്ടെന്ന് വിവരം

എടക്കര: കരുളായി വനമേഖലയില്‍ തമ്പടിച്ച മാവോവാദി സംഘത്തിലെ ഏക മലയാളിയായിരുന്നു വയനാട് കല്‍പറ്റ ചുഴലി സ്വദേശി സോമന്‍ (32). പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് ഉള്‍ക്കാട്ടിലേക്കോടി രക്ഷപ്പെട്ടവരില്‍ സോമനുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയുണ്ടെന്ന അഭ്യൂഹം ആദ്യഘട്ടത്തില്‍ ശക്തമായിരുന്നു.

എന്നാല്‍, രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്ന് വ്യാഴാഴ്ച രാത്രി ഐ.ജി സ്ഥിരീകരിച്ചു. സോമന് ഗുരുതര പരിക്കേറ്റെന്ന വാര്‍ത്തകള്‍ പരന്നെങ്കിലും ഇയാള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. 11 പേരാണ് കരുളായി വനത്തിലെ മാവോവാദി ക്യാമ്പ് ഷെഡിലുണ്ടായിരുന്നത്. 10 പേരും തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു.

സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതി (നാടുകാണി ദളം) അധ്യക്ഷനാണ് സോമന്‍. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് ഇയാളാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. അക്ബറെന്ന് പരിചയപ്പെടുത്തി മാധ്യമപ്രവര്‍ത്തകരെ വിളിച്ച് തങ്ങള്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ വിശദീകരിക്കാറുണ്ടായിരുന്നു.

തമിഴ്നാട്ടിലെ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് എടുത്ത സിം വഴിയാണ് ഇയാളുടെ ഫോണ്‍ വിളിയെന്നും പൊലീസ് പറയുന്നു. സംഘടനയുടെ പേരില്‍ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചതും സന്ദേശങ്ങള്‍ അയക്കുന്നതും സോമനായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ബിരുദധാരിയായ സോമന്‍ 2011ലാണ് മാവോവാദികളോടൊപ്പം ചേര്‍ന്നത്.

മാതാപിതാക്കള്‍ കൂലിത്തൊഴിലാളികളാണ്. വഴിയോരത്ത് പേന, പുസ്തകം എന്നിവ വിറ്റായിരുന്നു ഉപജീവനം. ഇടക്കാലത്ത് കല്‍പറ്റയില്‍നിന്ന് സായാഹ്ന പത്രം പുറത്തിറക്കിയിരുന്നു. സുഹൃത്തുക്കള്‍ എഴുതുന്ന ലേഖനങ്ങളാണ് ഇതില്‍ പ്രസിദ്ധീകരിച്ചിരുന്നത്. 2011 കാലയളവില്‍ വയനാട്ടില്‍ ബ്ളേഡ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബ്ളേഡ് വിരുദ്ധ ജനകീയ സമരസമിതി രൂപപ്പെട്ടിരുന്നു.

ഇതില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു സോമന്‍.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തന്നാലാകുന്നത് ചെയ്യുകയെന്നതായിരുന്നു ശാന്തസ്വഭാവക്കാരനായ സോമന്‍െറ പ്രകൃതം. 2011ല്‍ കശ്മീരിലെ പോരാട്ടങ്ങളെ പിന്തുണച്ച് പോസ്റ്റര്‍ പതിച്ചെന്ന കുറ്റം ചുമത്തി പൊലീസ് സോമനെതിരെ കേസെടുത്തു. ഇതില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പിന്നെ സോമന്‍ വയനാട്ടിലേക്ക് വന്നിട്ടില്ളെന്ന് പൊലീസ് പറയുന്നു. 

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.