കര്‍ണാടക പൊലീസ് കണ്ടെടുത്ത കുറിപ്പ് ചൂണ്ടുപലകയായി

നിലമ്പൂര്‍: മൂന്നരവര്‍ഷം മുമ്പ് നിലമ്പൂരിലെ ആദിവാസി കോളനികളിലും വനാതിര്‍ത്തിയിലെ ചില വീടുകളിലുമത്തെിയിരുന്ന സായുധസംഘം മാവോവാദികളാണെന്നതിലേക്ക് വെളിച്ചം വീശിയത് അന്ന് കര്‍ണാടക റിഗേരി പൊലീസ് സ്റ്റേഷനില്‍നിന്ന് കണ്ടെടുത്ത കുറിപ്പ്. 2013ല്‍ റിഗേരി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച മാവോവാദികള്‍ അവിടെ ഉപേക്ഷിച്ച കുറിപ്പില്‍ നിന്നാണ് നിലമ്പൂരില്‍ പ്രവര്‍ത്തനം നടത്തുന്നതായുള്ള വിവരം കര്‍ണാടക പൊലീസിന് ലഭിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പിന് ഈ വിവരം കര്‍ണാടക പൊലീസ് കൈമാറിയിരുന്നു.

2013 ഫെബ്രുവരിയില്‍ വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ തച്ചാറവില്‍ ഖദീജയുടെ വീട്ടില്‍ തുടരെ വന്നിരുന്ന സായുധസംഘം വേട്ടക്കാരാണെന്നും മറ്റുമായിരുന്നു അഭ്യൂഹം. വനാതിര്‍ത്തിയോട് ചേര്‍ന്ന് ഒറ്റക്ക് താമസിക്കുന്ന ഖദീജ മെനഞ്ഞെടുത്ത കഥകളാണിതെന്നുവരെ ആളുകള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ഹിന്ദി, തമിഴ്, കന്നട ഭാഷകളാണ് സായുധസംഘം സംസാരിച്ചിരുന്നത്. ഹിന്ദി വശമുള്ള പ്രവാസിയായിരുന്ന ഖദീജയോട് മണിക്കൂറുകളോളം സംഘം സംസാരിക്കുകയും അവിടെനിന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തിരുന്നു.
പ്രത്യേക ദൗത്യത്തിന് വന്നവരാണെന്നായിരുന്നു സംഘം ആദ്യം പറഞ്ഞിരുന്നത്.

മാസങ്ങള്‍ക്ക് ശേഷമാണ് മാവോവാദികളാണെന്ന് വെളിപ്പെടുത്തിയത്. ഖദീജയുടെ ഈ വെളിപ്പെടുത്തല്‍ പരിഹാസത്തോടെയാണ് നാട്ടുകാരും മാധ്യമങ്ങളും പൊലീസും ഏറ്റെടുത്തത്. പിന്നീട് പലയിടങ്ങളിലായി ഇവരുടെ സാന്നിധ്യത്തെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായത് പൊലീസിന് തലവേദനയായി. വനപാലകരില്‍ ചിലര്‍ സായുധസംഘത്തെ കണ്ടതോടെ ജനങ്ങളില്‍ ആശങ്ക പരന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ സായുധസംഘത്തെ കണ്ടതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധപതിഞ്ഞത്. ഇതോടെ സായുധസംഘത്തിന് വേണ്ടി പൊലീസ് വനമേഖലകള്‍ അരിച്ചുപൊറുക്കാന്‍ തുടങ്ങി.

ഇതിനിടെ ചില കെട്ടുക്കഥകളുമുണ്ടായി. മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി വനത്തിലെ ഒളിത്താവളത്തില്‍ ഒരാഴ്ച താമസിപ്പിച്ചെന്ന മധ്യവയസ്കന്‍െറ വെളിപ്പെടുത്തല്‍ ആശങ്കക്കിടയാക്കി. പോത്തുകല്ല് പഞ്ചായത്തില്‍ കൂപ്പ് പണിക്കത്തെിയ ഇടുക്കി സ്വദേശിയായിരുന്നു ഇയാള്‍. മാധ്യമങ്ങളില്‍ ഇയാളുടെ ചിത്രം വന്നതോടെ ഇടുക്കി പൊലീസത്തെി പിടികൂടി. കൊലപാതക കേസില്‍ പ്രതിയായ ഇയാള്‍ നിലമ്പൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തട്ടിക്കൊണ്ടുപോകല്‍ താന്‍ കെട്ടിചമച്ചതാണെന്നും വയനാട്ടിലെ രണ്ടാം ഭാര്യയുടെ അടുത്ത് പോയതായിരുന്നുവെന്നായിരുന്നു മൊഴി.

ഈ കാലയളവിലാണ് റിഗേരി പൊലീസ് നല്‍കിയ വിവരം കേന്ദ്ര ആഭ്യന്തര വകുപ്പില്‍നിന്ന് കേരളത്തിന് ലഭിക്കുന്നത്. തുടര്‍ന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിലൂടെയാണ് നിലമ്പൂരില്‍ പ്രത്യക്ഷപ്പെടുന്ന സായുധസംഘം മാവോവാദികളാണെന്ന് സ്ഥിരീകരിച്ചത്.

 

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.