വേട്ട കേന്ദ്ര ആഭ്യന്തര വകുപ്പിന്‍െറ അറിവോടെയെന്ന് സൂചന

നിലമ്പൂര്‍: വ്യാഴാഴ്ച നിലമ്പൂരില്‍ നടന്ന മാവോവാദി വേട്ട കേന്ദ്ര ആഭ്യന്തര വകുപ്പിന്‍െറ അറിവോടെയെന്ന് സൂചന. ഒക്ടോബര്‍ 24ന് ആന്ധ്ര-ഒഡിഷ അതിര്‍ത്തിയില്‍ സുരക്ഷസേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട  മാവോവാദികളില്‍ ചിലര്‍ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലത്തെിയിട്ടുണ്ടെന്ന വിവരം രഹസ്യപൊലീസ് വഴി കേന്ദ്ര ആഭ്യന്തരവകുപ്പിന് ലഭിച്ചിരുന്നു.

കേന്ദ്രം ഈ വിവരം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറിന് കൈമാറിയിരുന്നു. നിലമ്പൂരില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വ്യാഴാഴ്ച തന്നെ ദൃശ്യ മാധ്യമങ്ങളിലൂടെ പൊലീസിനെ പിന്തുണച്ചിരുന്നു. കേരളത്തിലെ വനങ്ങളില്‍ മാവോവാദികളുണ്ടെന്ന വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡിഷയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഉയര്‍ന്ന മാവോവാദി കമാന്‍ഡര്‍മാരായ ഗജര്‍ല രവി, ഛലപതി എന്നിവരുള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്.

രക്ഷപ്പെട്ട മാവോവാദികളെ പിടികൂടുന്നതിന് ആന്ധ്ര-ഒഡിഷ സുരക്ഷസേനകള്‍ തിരച്ചില്‍ ശക്തമാക്കിയതോടെ ഇവര്‍ കേരളം, തമിഴ്നാട് ഭാഗത്തേക്ക് കടന്നുവെന്ന സൂചനയാണ് കേന്ദ്രത്തിന് സേന കൈമാറിയത്. സംഭവത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് ശക്തമായ നിലപാടെടുക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന ആഭ്യന്തവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്. ഭരണകക്ഷിയിലെ സി.പി.ഐ മാവോവാദി വേട്ടക്കെതിരെ ശക്തമായ എതിര്‍പ്പു പ്രകടിപ്പിക്കുമ്പോഴും ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പ്രതികരിക്കാത്തത് ഇക്കാര്യത്തിലെ കേന്ദ്ര പിന്തുണകൊണ്ടാണെന്നാണ് വിവരം.

 നിലമ്പൂര്‍ കാട്ടില്‍ മാവോവാദികള്‍ക്കെതിരെ വെടിയുതിര്‍ത്ത തണ്ടര്‍ബോള്‍ട്ട് സേനക്ക് കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വിധ്വംസക പ്രവര്‍ത്തകര്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ അനുമതിയുണ്ട്. നിലമ്പൂര്‍ വനത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രചരിക്കുമ്പോഴും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിന് മുഖം കൊടുത്തിട്ടില്ല.

അതേസമയം പൊലീസിനെതിരെയുള്ള ആരോപണം ഓപറേഷനില്‍ പങ്കെടുത്ത സി.ഐ, എസ്.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കുറച്ചതായി സേനയില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

 

Tags:    
News Summary - Maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.