ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈകോടതിയെ സമീപിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

കോഴിക്കോട്: നിലമ്പൂര്‍ വനത്തില്‍ പൊലീസിന്‍െറ വെടിയേറ്റ് രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഹൈകോടതിയെ സമീപിക്കും. ഇതോടൊപ്പം സംഭവത്തിനിടെ കാണാതായ മാവോവാദി സംഘത്തിലെ മലയാളിയായ സോമന്‍ നാടുകാണിക്കായി ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഹരജിയും ഫയല്‍ചെയ്യും.

കൊല്ലപ്പെട്ടവരുടെ  മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നതിനുള്ള കാലാവധി തിങ്കളാഴ്ച രാത്രി അവസാനിക്കുന്നതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച്, തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുവരെ കാലാവധി നീട്ടിക്കിട്ടാനും ഹരജിയിലൂടെ അപേക്ഷിക്കും. ഹര്‍ത്താലുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളില്ളെങ്കില്‍ തിങ്കളാഴ്ചതന്നെ ഹൈകോടതിയെ സമീപിക്കും.
സംഭവത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുമെന്ന് ഡി.ജി.പിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ രണ്ടുതല അന്വേഷണത്തിലും തങ്ങള്‍ തൃപ്തരല്ളെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍  അറിയിക്കുന്നത്. മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും ഗവണ്‍മെന്‍റ് നേരിട്ടു നടത്തുന്നതായതിനാല്‍ ഇവ നീതിപൂര്‍വകമായിരിക്കുമെന്ന് പ്രതീക്ഷയില്ളെന്ന് എ. വാസു പറഞ്ഞു.

സംഭവം നടന്ന് രണ്ടുദിവസമായിട്ടും കൃത്യമായ വിശദീകരണം നല്‍കാതെ, മാധ്യമപ്രവര്‍ത്തകരെപ്പോലും വനത്തിലേക്ക് അടുപ്പിക്കാത്ത പൊലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇവിടം കനത്ത പൊലീസ് സുരക്ഷയിലാണെന്നതും, ആക്രമണത്തിന് മുന്‍കൈ എടുത്തവര്‍ ചേര്‍ന്ന് സംഭവസ്ഥലം വൃത്തിയാക്കിയതുമെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും ഇനിയും സംസ്ഥാന പൊലീസ് അന്വേഷിക്കുകയാണെങ്കില്‍ മുന്‍വിധികളോടെയായിരിക്കും നടക്കുകയെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. നിര്‍മല്‍ തുഷാര്‍ സാരഥി പറഞ്ഞു.

Tags:    
News Summary - Maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.