കൊച്ചി: തൊഴിലാളികളുടെ നിയമപരമായ പണിമുടക്ക് അവകാശം നിരോധിച്ച ഉത്തരവിനെതിരെ ഹൈകോടതിയിലേക്ക് തൊഴിലാളികളുടെ കൂറ്റൻ മാർച്ച്.
സംയുക്ത ട്രേഡ് യൂനിയൻ സമിതി നടത്തിയ മാർച്ചിൽ വിവിധ തൊഴിലാളി യൂനിയനുകളിൽപെട്ട നൂറുകണക്കിന് പേർ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ എറണാകുളം ബോട്ട്ജെട്ടിക്ക് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് മറൈൻ ഡ്രൈവിന് സമീപം പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞു. തുടർന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജ്യം കണ്ട ഏറ്റവും വലിയ പണിമുടക്കാണ് മാർച്ച് 28, 29 തീയതികളിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതിന്യായവ്യവസ്ഥയെ വെല്ലുവിളിച്ചല്ല സമരം ചെയ്യുന്നത്. നിയമത്തെ ബഹുമാനിക്കുന്നത് ഒരാളെയും പേടിച്ചിട്ടല്ല. ഇത് കോടതി മനസ്സിലാക്കണം. ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്നവരാണ് എല്ലാവരും. എന്നാല്‍, വിധി ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതാണെങ്കില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്.
ലേബർ കോഡുകളുടെ ഭാഗമായ മാറ്റങ്ങൾക്ക് ചട്ടങ്ങൾപോലും രൂപപ്പെടുത്തിയിട്ടില്ല. അതിനുമുമ്പേ ലേബർ കോഡിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് പ്രതിഷേധാർഹമാണ്.
നിയമപ്രകാരമാണ് ദേശീയ പണിമുടക്ക് നടത്തിയത്. പണിമുടക്ക് കേരളത്തിൽ മാത്രം ഒതുങ്ങിയെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി യു. പോക്കർ, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി സെക്രട്ടറി ടി.ബി. മിനി, പി.ആർ. മുരളീധരൻ, കെ.കെ. ഇബ്രാഹിംകുട്ടി, തോമസ് ജോസഫ്, സി.എൻ. മോഹനൻ, എസ്. ശർമ, ജോൺ ഫെർണാണ്ടസ്, ചാൾസ് ജോർജ്, എം. ശ്രീകുമാർ, കെ. ചന്ദ്രശേഖരൻ, വി.ബി. ബിനു, സീറ്റ ദാസൻ, എം. ജീവകുമാർ, പി.എം. ദിനേശൻ, ജോർജ് കോട്ടൂർ, വി.പി. ജോർജ്, എ.സി. ജയപാലൻ എന്നിവർ സംസാരിച്ചു.
മാർച്ചിന് ദീപ കെ. രാജൻ, കെ.വി. മനോജ്, ടി.കെ. രമേശൻ, എം.പി. രാധാകൃഷ്ണൻ, കെ.പി. കൃഷ്ണൻകുട്ടി, വിശ്വകല തങ്കപ്പൻ, പി.എസ്. ഫാരിഷ, കരീം പാടത്തിക്കര, ടി.വി. സൂസൻ, എ.പി. ലൗലി, കെ.ടി. വിമലൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.