പൊലീസിന്‍റെ ​ ലാത്തിച്ചാർജിൽ നിലത്ത് വീണ പ്രവർത്തകൻ, പരിക്കേറ്റ കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാർ

കോട്ടയത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം, ഡിവൈ.എസ്.പിക്കും പ്രവർത്തകർക്കും പരിക്ക്

കോട്ടയം: രാഹുൽ ഗാന്ധിയുടെ ഓഫിസ്​ ആക്രമണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി കോട്ടയത്ത്​ കോൺഗ്രസ്​ പ്രവർത്തകർ നടത്തിയ കലക്​ടറേറ്റ്​ മാർച്ചിൽ വൻ സംഘർഷം. ഡിവൈ.എസ്​.പി അടക്കമുള്ള പൊലീസ്​ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾ അടക്കമുള്ള കോൺഗ്രസ്​ പ്രവർത്തകർക്കും പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട്​ അഞ്ചുമണിയോടെ ഗാന്ധി സ്ക്വയറിൽനിന്നാണ്​ പ്രകടനം ആരംഭിച്ചത്​. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്​ഘാടനം ചെയ്ത പ്രകടനം കലക്​ടറേറ്റിന്​ മുന്നിലെത്തിയശേഷം മുതിർന്ന നേതാക്കൾ മടങ്ങി. ഇതിന്​ തൊട്ടുപിന്നാലെ​യാണ്​ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്​.

കലക്​ടറേറ്റ് സ്ഥിതിചെയ്യുന്ന ദേശീയപാത 183ൽ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചുകൊണ്ടായിരുന്നു മാർച്ചിനെ പൊലീസ് നേരിട്ടത്. കലക്​ടറേറ്റിലേക്ക്​ തള്ളിക്കയറാൻ ​ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്​ കലക്​ടറേറ്റിലേക്ക് കല്ലേറുണ്ടായി. തൊട്ടടുത്തെ എസ്​.പി ഓഫിസിന്​ മുന്നിലേക്ക്​ പ്രവർത്തകർ കൂട്ടമായെത്തി.

പൊലീസ്​ തീർത്ത ബാരിക്കേഡുകൾ മറിച്ചിട്ട്​ എസ്​.പി ഓഫിസിലേക്ക്​ തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു. ഇതിനിടെ കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാറിന് പരിക്കേറ്റു. ജില്ല ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ സേനാംഗങ്ങളെ എത്തിച്ച പൊലീസ്​ പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിവീശി. തുടർന്ന്​​ കണ്ണീർവാതകവും പ്രയോഗിച്ചു.

പൊലീസ്​ നടപടിയിൽ കോട്ടയം ജില്ല പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാട് അടക്കമുള്ള പ്രവർത്തകർക്ക്​ പരിക്കേറ്റു. പിരിഞ്ഞുപോയ പ്രവർത്തകർ സംഘടിച്ചെത്തി ഇടക്കിടെ പൊലീസുമായി ഏറ്റുമുട്ടി. നിരവധി പൊലീസുകർക്കും സമരക്കാർക്കും പരിക്കേറ്റു. ഇവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട്​ ഏഴുമണിയോടെയാണ്​ സംഘർഷത്തിന്​ അയവുണ്ടായത്​. പ്രകടനത്തെയും ആക്രമണത്തെയും തുടർന്ന് കോട്ടയം പട്ടണത്തിൽ രണ്ടുമണിക്കൂർ പൂർണമായും ഗതാഗതം സ്തംഭിച്ചു.

Tags:    
News Summary - Massive clash in Kottayam Congress march, DySP and workers injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.