പാലക്കാട്: കൃഷിയിടത്തിൽ കാട്ടാനയിറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘മാതൃഭൂമി ന്യൂസ്’ സംഘം പുലർച്ച ആറോടെ മലമ്പുഴ കൊട്ടേക്കാട് വെനോലി എളമ്പരക്കാട് എത്തിയത്. സീനിയർ ന്യൂസ് കാമറാമാൻ എ.വി. മുകേഷ് (34), റിപ്പോർട്ടർ ഗോകുൽ, ഡ്രൈവർ മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കാട്ടാനകൾ കോരയാർ പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ആനകളിലൊന്ന് ഇവർക്കുനേരെ തിരിഞ്ഞ് മുകേഷിനെ ആക്രമിച്ച് കൊലപ്പെടുത്തി.
പി.ടി-അഞ്ച് (പാലക്കാട് ടസ്കർ -അഞ്ച്), പി.ടി-14 ആനകളാണ് സ്ഥലത്തുണ്ടായിരുന്നത്. ആന ചീറിയടുത്തതോടെ ചിതറിയോടിയ സംഘത്തിനൊപ്പം മുകേഷ് ഉണ്ടായിരുന്നെങ്കിലും പിന്നീട് കാണാതായി. അൽപ സമയത്തിനുശേഷം ആനയുടെ ചവിട്ടേറ്റ നിലയിൽ മുകേഷിനെ കണ്ടെത്തുകയായിരുന്നു. ഇടുപ്പിനും തുടയെല്ലിനും സാരമായി പരിക്കേറ്റ മുകേഷിനെ ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെന്നിവീണ മുകേഷിന് ആനയുടെ ചവിട്ടേറ്റതായാണ് കരുതുന്നത്. ബുധനാഴ്ച രാവിലെ എട്ടോടെ എളമ്പരക്കാടിന് സമീപത്തെ ജനവാസമേഖലയോടു ചേർന്നായിരുന്നു സംഭവം.
ദീർഘകാലം മാതൃഭൂമി ന്യൂസ് ഡൽഹി ബ്യൂറോയിൽ കാമറാമാനായിരുന്നു മുകേഷ്. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡൽഹിയിൽ ജോലിചെയ്തിരുന്ന കാലത്തും പാലക്കാട്ടെത്തിയശേഷവുമായി ‘അതിജീവനം’ എന്ന പേരിൽ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന നൂറിലധികം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മുമ്പ് ഇന്ത്യാവിഷനിലും ജോലി നോക്കിയിരുന്നു.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അവത്താൻ വീട്ടിൽ പരേതനായ ഉണ്ണിയുടെയും എ. ദേവിയുടെയും മകനാണ്. ഭാര്യ: ടിഷ. സഹോദരി: ഹരിത. മുകേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.