തിരുവനന്തപുരം: മേയറിെൻറ ഔദ്യോഗിക കാറിൽ കോളജ് മുറ്റത്ത് വന്നിറങ്ങിയ ആര്യ രാജേന്ദ്രനെ അധ്യാപകർ അഭിമാനപൂർവം വരവേറ്റു. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷക്കുള്ള പാഠഭാഗങ്ങൾ റിവിഷൻ ചെയ്യാനാണ് ആര്യ ഓൾ സെയിൻസ് കോളജിലെത്തിയത്.
തിങ്കളാഴ്ച കോളജ് തുറന്നെങ്കിലും മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികൾ ഉള്ളതിനാൽ കോളജിലെത്താൻ ആര്യക്ക് സാധിച്ചിരുന്നില്ല. ബുധനാഴ്ച പരീക്ഷയായതുകൊണ്ടുതന്നെ അധ്യാപകർ മാത്രമേ കോളജിലുണ്ടായിരുന്നുള്ളൂ.
അധ്യാപകരോടും ജീവനക്കാരോടും കുറച്ചുനേരം കുശലാന്വേഷണം. പിന്നീട് ബി.എസ്സി മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെൻറിലെ കാസ്മുറിയിലേക്ക്. ക്ലാസ് മുറിയിൽ ആര്യക്കായി ടീച്ചറുടെ പ്രത്യേക ക്ലാസ്. ബുധനാഴ്ച നടക്കുന്ന പരീക്ഷക്ക് വരാനുള്ള പാഠഭാഗങ്ങൾ, പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകളൊക്കെ ടീച്ചറിൽനിന്ന് മനസ്സിലാക്കി.
സംശയങ്ങളും ഉത്തരങ്ങളുമായി ഏതാനും മണിക്കൂറുകൾ. തുടർന്ന് അധ്യാപകരോട് നന്ദി പറഞ്ഞാണ് വീണ്ടും നഗരഭരണത്തിലേക്ക് ആര്യ പോയത്. ചൊവ്വാഴ്ച വൈകീട്ടുവരെ വിവിധ പരിപാടികളും മീറ്റിങ്ങുകൾക്കുമായി സമയം കണ്ടെത്തി. തുടർന്ന് വീട്ടിലെത്തി അർധരാത്രിവരെ പഠനം.
രണ്ടാം സെമസ്റ്ററിലെ നാലാം പരീക്ഷയാണ് ബുധനാഴ്ച നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നടന്ന മൂന്ന് പരീക്ഷകളും ആര്യക്ക് എഴുതാൻ സാധിച്ചിരുന്നില്ല. ഇനി മൂന്ന് പരീക്ഷകൾകൂടി ഈ മാസമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.