പാലക്കാട് :അടുത്ത രണ്ടര വർഷത്തിനകം അപേക്ഷിച്ച അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്. മണ്ഡലത്തിലെ കറുത്തേടത്ത് കോളനി, കുഞ്ഞമ്പു കോളനി, കുന്നത്തേരി കോളനി എന്നിവിടങ്ങളിലെ പട്ടയ വിതരണം അതത് ഇടങ്ങളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ഒരു ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു. ആ നയത്തിന്റെ ചുവടുപിടിച്ചാണ് തൃത്താലയിലും പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി പട്ടയമേള നടന്ന മണ്ഡലം തൃത്താലയാണ്. കഴിഞ്ഞ 25 മാസങ്ങൾക്കകം 1022 പട്ടയങ്ങൾ തൃത്താലയിൽ വിതരണം ചെയ്തു. 685 ലാൻഡ് ട്രെബ്യൂണൽ പട്ടയം, 271 കോളനി പട്ടയം, 32 ലാൻഡ് അസൈൻമെന്റ് പട്ടയം, 34 മിച്ചഭൂമി പട്ടയം എന്നിങ്ങനെ വിതരണം ചെയ്തു.
ഇന്ന് വിതരണം ചെയ്തത് കൂടാതെയുള്ള കണക്കാണിത്. തൃത്താലയിൽ ഒരുകാലത്തും വിതരണം ചെയ്യാത്ത അത്രയും പട്ടയങ്ങളാണ് നൽകാൻ കഴിഞ്ഞത്. അടുത്ത രണ്ടര വർഷം കൂടി കഴിയുമ്പോൾ അപേക്ഷിച്ച അർഹരായ ഒരാൾ പോലും പട്ടയം കിട്ടാത്തവരായി ഉണ്ടാവില്ല എന്നും മന്ത്രി പറഞ്ഞു.
പട്ടിത്തറയിലെ കറുത്തേടത്ത് കോളനി, കുഞ്ഞമ്പു കോളനി, ചാലിശ്ശേരിയിലെ കുന്നത്തേരി കോളനി എന്നിവിടങ്ങളിലായി 51 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കറുത്തേടത്ത്, കുഞ്ഞമ്പു കോളനികളിൽ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സദക്കത്തുള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, പട്ടാമ്പി തഹസിൽദാർ ബിന്ദു, മുൻ തഹസിൽദാർ കിഷോർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.